ഏറ്റുമാനൂർ – എറണാകുളം റോഡ് വളവുകൾ നിവരും; സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനമായി

Mail This Article
കുറുപ്പന്തറ ∙ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവർക്കാനുള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്നര പതിറ്റാണ്ടിലധികമായി കടലാസിൽ കിടന്നിരുന്ന പദ്ധതിക്കാണ് ജീവൻ വച്ചിരിക്കുന്നത്. 2008 - 2009 കാലഘട്ടത്തിലാണ് 19 അപകടവളവുകൾ നിവർത്തുന്ന പദ്ധതിക്കു രൂപം നൽകിയത്. 50 ലക്ഷം രൂപയുടെ അനുമതിയാണ് ആദ്യം നൽകിയത്. തുടർന്ന് വസ്തു ഉടമകളുടെ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സർക്കാരിലേക്ക് സമർപ്പിച്ചു. ഏറ്റെടുക്കേണ്ട 48 വസ്തു ഉടമകളുമായി പലതവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പലവിധ കാരണങ്ങളാൽ പദ്ധതി നടക്കാതെ നീണ്ടുപോയി. പൊതുമരാമത്ത് വകുപ്പ്, റവന്യു, സർവേ വകുപ്പുകളാണ് സ്ഥലം ഏറ്റെടുപ്പിനു നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ മെല്ലെപ്പോക്കു മൂലം ഏറ്റവും അപകടകരമായ കുറുപ്പന്തറ പുളിന്തറ വളവിൽ വാഹനാപകടങ്ങളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പന്ത്രണ്ടിലധികം പേരാണ് ഈ വളവിലുണ്ടായ വാഹനാപകടത്തിൽ മാത്രം മരിച്ചത്.
വളവുകൾ 19
∙കോട്ടയം –എറണാകുളം റോഡിൽ 19 അപകട വളവുകളാണുള്ളത്. പുളിന്തറ വളവ്, കുറുപ്പന്തറ പോസ്റ്റ് ഓഫിസ് വളവ്, ടൗൺ വളവ്, മാഞ്ഞൂർ മിൽക് സൊസൈറ്റി വളവ്, ആറാം മൈലിലെ നാല് വളവ്, പട്ടാളമുക്ക് വളവ്, മുട്ടുചിറ ഞായപ്പള്ളി വളവ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ പതിവായി നടക്കുന്നത്. കുത്തു വളവുകളും അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.
നടപടി തുടങ്ങിയിട്ട് 16 വർഷം
∙2008 - 09 കാലഘട്ടത്തിൽ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് അപകട വളവുകൾ നിവർത്തുന്നതിനു പദ്ധതി തയാറാക്കി സമർപ്പിച്ചത്്. ഒന്നര പതിറ്റാണ്ടിനു ശേഷം അപകട വളവുകൾ നിവർത്തുന്നതിനു ഭൂമി ഏറ്റെടുക്കുന്നതിനും കുറുപ്പന്തറ ജംക്‌ഷൻ വികസനം നടപ്പാക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിന് ഒന്നര വർഷം മുൻപ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടിത്താനം ജംക്‌ഷനും തലയോലപ്പറമ്പിനും ഇടയ്ക്കുള്ള 19 അപകട വളവുകളാണ് നിവർത്താൻ പദ്ധതിയിട്ടത്. കുറുപ്പന്തറ ജംക്‌ഷൻ റോഡ് വികസനത്തിനും പുളിന്തറ വളവ് ഉൾപ്പെടെയുള്ള വിവിധ അപകട വളവുകൾ നിവർത്തുന്നതിനും ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സ്ഥല പരിധി നിർണയിക്കുന്നതിനു വേണ്ടി വിവിധ വില്ലേജ് ഓഫിസുകളുടെ മേൽനോട്ടത്തിൽ സർവേ നടത്തിയിരുന്നു. ഭൂമി വിട്ടു തരുന്ന വസ്തു ഉടമകളുടെ വില്ലേജിൽ നിന്നുള്ള തണ്ടപ്പേർ, ബിടിആർ രേഖയുടെ പകർപ്പ് എന്നിവ ശേഖരിക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരുന്നു.
നടപടികൾ 6 വില്ലേജുകളിൽ
∙റവന്യു വകുപ്പിന്റെ കീഴിലുള്ള മീനച്ചിൽ താലൂക്ക് സ്ഥലം ഏറ്റെടുപ്പ് തഹസിൽദാരുടെ നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലായി കാണക്കാരി, കോതനല്ലൂർ, മാഞ്ഞൂർ മുട്ടുചിറ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽ അന്തിമ സർവേ റിപ്പോർട്ടുകൾ തയാറാക്കുകയും ജില്ലാ കലക്ടർക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് പലവിധ സാങ്കേതിക തടസ്സങ്ങൾക്ക് ഇട വരുത്തി. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം ഇറക്കിയത്.