ADVERTISEMENT

പയ്യോളി∙ കാലവർഷം തുടങ്ങിയതോടെ ദേശീയപാതയിൽ വെള്ളക്കെട്ടും ഗർത്തങ്ങളും. ഇതുകാരണം യാത്ര ദുഷ്കരം. നന്തി മേൽപാലം മുതൽ മൂരാട് പാലം വരെയുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. റോഡ് തകർച്ചയും വെള്ളക്കെട്ടും കൂടാതെ പൊതുവായി മൂരാട് പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കൂടിയാകുമ്പോൾ യാത്രക്കാർ വലഞ്ഞതു തന്നെ. നന്തിയിൽ നിന്ന് 15 കിലോ മീറ്റർ ദൂരം മാത്രമുള്ള വടകരയിൽ എത്താൻ ഒരു മണിക്കൂർ എടുക്കേണ്ടി വരുന്നു.

ശക്തമായ മഴയുണ്ടെങ്കിൽ ഇതിൽ കൂടുതൽ സമയം വേണ്ടിവരും. ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയപാത പൂർണമായും പൊളിച്ചു മാറ്റി പുതിയ പാതയുടെ നിർമാണം നടന്നു കൊണ്ടിരിക്കുന്നു. ഇതിനാൽ ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത് പുതിയ സർവീസ് റോഡിലൂടെയും ചിലയിടങ്ങളിൽ പഴയ റോഡിലൂടെയുമാണ്.

അയനിക്കാട് തീരദേശത്ത് കടലാക്രമണത്തിൽ കടപുഴകാൻ പാകത്തിലുള്ള  തെങ്ങുകളും, ഭീഷണിയിലുള്ള തീരദേശ റോഡും 
മണലിൽ താഴുന്ന കടൽഭിത്തിയുടെ കല്ലുകളും
അയനിക്കാട് തീരദേശത്ത് കടലാക്രമണത്തിൽ കടപുഴകാൻ പാകത്തിലുള്ള തെങ്ങുകളും, ഭീഷണിയിലുള്ള തീരദേശ റോഡും മണലിൽ താഴുന്ന കടൽഭിത്തിയുടെ കല്ലുകളും

പുതിയ റോഡ് ഉയരത്തിൽ ആയതിനാൽ താഴ്ചയിലുള്ള പഴയ റോഡിലാണ് മഴവെള്ളം വന്നു നിൽക്കുന്നത്. ഇവിടങ്ങളിൽ റോഡ് നേരത്തേതന്നെ തകർന്നു കിടക്കുന്നതിനാൽ യാത്ര സാഹസികമാണ്. പുതിയ സർവീസ് റോഡ് പലയിടത്തും കൂട്ടി യോജിപ്പിച്ചിട്ടുമില്ല അതിനാൽ സർവീസ് റോഡിലൂടെയും യാത്ര ദുഷ്കരമാണ്.

മഞ്ഞപ്പാലം – ബാലുശ്ശേരി കോട്ട റോഡിൽ കരയത്തൊടി കെട്ടിൽ അങ്കണവാടിക്കു സമീപം അപകട ഭീഷണി ഉയർത്തുന്ന വെള്ളക്കെട്ട്.
മഞ്ഞപ്പാലം – ബാലുശ്ശേരി കോട്ട റോഡിൽ കരയത്തൊടി കെട്ടിൽ അങ്കണവാടിക്കു സമീപം അപകട ഭീഷണി ഉയർത്തുന്ന വെള്ളക്കെട്ട്.

മണ്ണ് ഒഴുകി വീടുകളിലേക്ക് 

മേപ്പയൂർ∙ ദേശീയപാത റോഡ് നിർമാണത്തിനു വേണ്ടി കൊണ്ടുപോകാൻ ഇളക്കിയിട്ട പുലപ്രക്കുന്നിലെ മണ്ണ് പരിസരവാസികളുടെ  വീടുകളിലേക്കും റോഡിലും മഴയിൽ ഒഴുകി എത്തി. നരക്കോട് ചാത്തോത്ത് മീത്തൽ കെ.കെ.കരുണന്റെ വീട്ടുമുറ്റത്തേക്ക് മഴയിൽ മണ്ണൊഴുകി എത്തി. സമീപത്തെ പല വീട്ടുകാരുടെയും അവസ്ഥ ഇതു തന്നെ. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

പുലപ്രക്കുന്നിലെ ചെങ്കുത്തായ സ്ഥലത്ത് ശാസ്ത്രീയമല്ലാത്ത രീതിയിൽ നടന്ന മണ്ണെടുപ്പ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിർത്തിവച്ചത്. നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുൾപൊട്ടൽ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതി അന്വേഷിക്കാനെത്തിയ ആർഡിഒ സി.ബിജു അശാസ്ത്രീയമായ രീതിയിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 

21 സെന്റ് ഭൂമിയിൽ നിന്നും 12500 ടൺ മണ്ണടുക്കാനുള്ള ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവിൽ ഏതാണ്ട് ഒരേക്കറിലധികം സ്ഥലത്തെ മണ്ണെടുത്തതായി നാട്ടുകാർ ആരോപിച്ചു. കൊയിലാണ്ടി താലൂക്ക് സർവേയർ അളന്നത് അനുസരിച്ച് തഹസിൽദാർ നൽകിയ റിപ്പോർട്ടിലും മണ്ണ് അളവിൽ കൂടുതൽ എടുത്തതായി കണ്ടിരുന്നു. ശാസ്ത്രീയ പഠനത്തിന്റെയും വിദഗ്‌ധസമിതി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലേ മണ്ണെടുക്കാവൂ എന്ന് കമ്പനി അധികൃതരോട് ആർഡിഒ നിർദേശിച്ചു.

നരക്കോട് പുലപ്രക്കുന്നിൽ ദേശീയപാത കരാറുകാരിട്ട  മണ്ണു മഞ്ഞക്കുളം നരക്കോട് റോഡിലേക്ക് മഴയിൽ ഒഴുകി എത്തിയപ്പോൾ.
നരക്കോട് പുലപ്രക്കുന്നിൽ ദേശീയപാത കരാറുകാരിട്ട മണ്ണു മഞ്ഞക്കുളം നരക്കോട് റോഡിലേക്ക് മഴയിൽ ഒഴുകി എത്തിയപ്പോൾ.

അതിനിടെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.പി.സുഹനാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി നിർദേശത്തെ തുടർന്നു മണ്ണെടുപ്പ് നിർത്തി വയ്ക്കുകയായിരുന്നു. അപ്പോഴേക്കും കുന്നിൻ മുകളിൽ വലിയ തോതിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് ഇളക്കി ഇട്ടിരുന്നു. ഈ മണ്ണാണ് മഴ വന്നപ്പോൾ വെള്ളത്തിനൊപ്പം ഒഴുകി താഴ്‌വാരത്തെ വീടുകളിലും റോഡിലും വലിയ തോതിൽ എത്തുന്നത്.

അങ്കണവാടിക്കു സമീപം വെള്ളക്കെട്ട് 

ബാലുശ്ശേരി ∙ അങ്കണവാടിക്കു സമീപം റോഡിലെ വലിയ വെള്ളക്കെട്ട് ഭീഷണിയാകുന്നു. പനങ്ങാട് പഞ്ചായത്തിൽ മഞ്ഞപ്പാലം – ബാലുശ്ശേരി കോട്ട റോഡിൽ കരയത്തൊടി വാർഡിലെ കെട്ടിൽ അങ്കണവാടിക്കു സമീപമാണ് വെള്ളക്കെട്ട്. 3 വാർഡുകൾ ചേരുന്ന ജംക്‌ഷനാണിത്. ഇവിടെ ഓവുചാലുകൾ ഇല്ലാത്തതും റോഡ് തകർന്നതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. 

അങ്കണവാടിയിലേക്കുള്ള കുട്ടികളുടെ യാത്ര ദുരിതമായി. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ അങ്കണവാടിയുടെ മുറ്റത്തേക്കു വെള്ളം തെറിക്കുന്നുണ്ട്. വെള്ളക്കെട്ട് കാരണം കുട്ടികൾ അങ്കണവാടിയിൽ എത്താത്ത സാഹചര്യമാണ്.

വീട് മഴയിൽ തകർന്നു

കീഴരിയൂർ∙ നടുവത്തൂർ മഠത്തിൽതാഴ സമീപം കുന്നുമ്മൽ രാധയുടെ ഓട് മേഞ്ഞ വീട് മഴയിൽ തകർന്നു വീണു. രാധയും ഭർത്താവിന്റെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തെങ്ങിന്റെ കഴുക്കോലും പട്ടികയും വീടിന്റെ ചുമരിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com