അവഗണനയുടെ നടുവിൽ പയ്യോളി ബസ് സ്റ്റാൻഡ്

Mail This Article
പയ്യോളി∙ നഗരസഭ ബസ് സ്റ്റാൻഡ് അസൗകര്യങ്ങളുടെ നടുവിൽ. പഞ്ചായത്ത് ആയിരിക്കെ 2003ൽ ആണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് തുറന്നത്. കേരളീയ വാസ്തു ശിൽപ മാതൃകയിൽ ടൗണിൽ ദേശീയപാതയോരത്ത് നിർമിച്ച ബസ് സ്റ്റാൻഡ് അന്നത്തെ മന്ത്രി ചെർക്കളം അബ്ദുല്ലയാണ് ഉദ്ഘാടനം ചെയ്തത്. ടൗണിന്റെ ഹൃദയ ഭാഗത്തായതിനാൽ സ്ഥലപരിമിതി അന്നേ ഇതിനുണ്ടായിരുന്നു.
ഒന്നു രണ്ടു തവണ യാർഡിൽ അറ്റകുറ്റപ്പണി നടത്തിയത് ഒഴിച്ചാൽ മറ്റു കാര്യമായ പണി ഇവിടെ നടന്നിട്ടില്ല. ബസ് സ്റ്റാൻഡിൽ ദീർഘദൂര ബസുകൾക്ക് നിർത്തിയിടാൻ ട്രാക്ക് നേരത്തേ തന്നെ ഇല്ല. അതുകാരണം ദീർഘദൂര ബസുകളിൽ കയറാനും ഇറങ്ങാനും യാത്രക്കാർ മഴക്കാലത്ത് മഴയും വേനലിൽ വെയിലും കൊള്ളണം. ലോക്കൽ ബസുകൾക്ക് നിർത്തിയിടാൻ പരിമിതമായ സൗകര്യം മാത്രമാണുള്ളത്.
ഇതിനിടെ ഹൈവേയിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷാ പാർക്കിങ് ഭാഗികമായി സ്റ്റാൻഡിലേക്ക് മാറ്റി. 10 വർഷം മുൻപായിരുന്നു ഇത്. ഓട്ടോ ബേ വന്നതോടെ ബസ് സ്റ്റാൻഡ് യാർഡ് പിന്നെയും ചുരുങ്ങി. വാഹനങ്ങളും യാത്രക്കാരും വർധിക്കുകയും ചെയ്തതോടെ ഇവിടെ യാത്രക്കാർക്കും വാഹനങ്ങൾക്കും നിന്നു തിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടുന്നു. ഇതിന് പരിഹാരം ബസ് സ്റ്റാൻഡ് വിപുലീകരണം മാത്രമാണ് എന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.