ആരോഗ്യകേന്ദ്രത്തിനു മുൻപിൽ വെള്ളക്കെട്ട്; ദുരിതം, രോഗഭീതി
Mail This Article
ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ പാതയിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഈ റൂട്ടിൽ വെള്ളക്കെട്ട് വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. ആശുപത്രിയുടെ സമീപത്തെ പെരുവണ്ണാമൂഴി കെവൈഐപി റോഡിൽ നിന്നും, ജലസേചന വകുപ്പിന്റെയും സിആർപിഎഫിന്റെയും ഭൂമിയിൽ നിന്നും ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് ഈ പ്രധാന പാതയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
പൈപ്പ് ചോർന്ന് ദിവസേന ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണു പാഴാകുന്നത്.ആശുപത്രിയുടെ മുൻപിലെ വെള്ളക്കെട്ട് രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊതുക് വളർന്ന് പകർച്ചവ്യാധികൾ പിടിപെടുന്നതിനും സാധ്യതയുണ്ട്. റോഡ് നവീകരണ പ്രവൃത്തിക്കും ജലച്ചോർച്ച തടസ്സമാണ്. മാസങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ പെരുവണ്ണാമൂഴി കെവൈഐപി റോഡ് തകരുന്നുണ്ട്.