ADVERTISEMENT

തിക്കോടി∙ കല്ലകത്ത് കടപ്പുറത്ത് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. വിനോദ സഞ്ചാരികളായ 4 പേരുടെ ദാരുണ മരണത്തിനു ശേഷം കടൽ തീരത്തു നിന്നും സമീപത്തെ കച്ചവടക്കാരെയും സന്ദർശകരെയും ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരും രക്ഷാ പ്രവർത്തകരും പൊലീസുമായി വാക് തർക്കത്തിലായത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണു സംഭവം. കൽപറ്റ സ്വദേശികളായ 2 യുവതികളടക്കം 4 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരത്തു നിന്നു സന്ദർശകരെയും താൽക്കാലിക കച്ചവടക്കാരെയും ഒഴിപ്പിക്കുന്നതിന് പൊലീസ് ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്.

രക്ഷാ പ്രവർത്തനത്തിനു തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തീരം കാണാൻ എപ്പോഴും നൂറുകണക്കിനു സന്ദർശകർ ഉണ്ടാകാറുണ്ടെന്നും പറഞ്ഞാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും പൊലീസിനോട് കയർത്തത്. വാക് തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെ പൊലീസ് പിൻവാങ്ങി പ്രശ്നം ചർച്ച ചെയ്ത് രമ്യമായി പരിഹരിച്ചു. 

കല്ലകത്ത് കടപ്പുറത്തെത്തിയ കാനത്തിൽ ജമീല എംഎൽഎയോടും പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാർ രോഷാകുലരായി സംസാരിക്കുന്നു.
കല്ലകത്ത് കടപ്പുറത്തെത്തിയ കാനത്തിൽ ജമീല എംഎൽഎയോടും പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാർ രോഷാകുലരായി സംസാരിക്കുന്നു.

കാഴ്ചക്കാരായി അധികൃതർ,രണ്ടും കൽപിച്ച് നാട്ടുകാരും തൊഴിലാളികളും 
തിക്കോടി∙ രക്ഷകരായി ആദ്യം എത്തിയത് കടുക്ക പറിക്കുന്ന തൊഴിലാളികളും, തീരത്തെ കച്ചവടക്കാരും നാട്ടുകാരും. ഒരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ കടലിലെ അടിയൊഴുക്കിനെ അവഗണിച്ച് ജീവൻ പണയം വച്ച് അവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. കടലിൽ രക്ഷാ പ്രവർത്തനം നടത്താൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ എത്തിയ പൊലീസും, ഫയർ ഫോഴ്സും കരയിൽ കാഴ്ചക്കാരായി നിൽക്കെയാണ് ഇവർ കടലിലെ പ്രതികൂല അവസ്ഥയെ വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയത്. 

    മുക്കാൽ മണിക്കൂറിനുള്ളിൽ വാണി, അനീസ, ബിനീഷ് എന്നിവരെ ഇവർ കരയ്ക്കെത്തിച്ചു. തുടർന്നുള്ള തിരച്ചിലിൽ കടലിലെ പാറയിൽ മരിച്ച നിലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഫൈസലിനെയും കരയ്ക്കെത്തിച്ചു. നാലു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കല്ലകത്ത് കടപ്പുറത്ത് അപകടം നടന്ന വിവരമറിഞ്ഞ് വൻ ജനാവലി തീരത്തെത്തി. കാനത്തിൽ ജമീല എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഖിഫിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി.ഷക്കീല, ആർ.വിശ്വൻ, ബ്ലോക്ക് അംഗം പി.വി.റംല, വടകര ഡിവൈഎസ്പി ആർ.ഹരികുമാർ എന്നിവർ സ്ഥലത്തെത്തി.അധിക‍ൃതർക്കെതിരെ നാട്ടുകാർ 

തിക്കോടി∙ കല്ലകത്ത് കടലിൽ കൽപറ്റയിൽ നിന്നെത്തിയ 4 വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം സംഭവിക്കാനിടയായ സംഭവം അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു നാട്ടുകാർ ആരോപിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ചായി പരിഗണിക്കുന്ന ഇവിടെ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഒഴിവു ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് ഇവിടെ. 

എന്നാൽ ഇവർക്കു വേണ്ട ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 

   വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് കടലിലെ വേലിയേറ്റവും - ഇറക്കവും, അടി ഒഴുക്കുകളും അറിയില്ല.  കടലിന്റെ സ്വഭാവം അറിയാത്തവരാണ് അപകടത്തിൽ പെടുന്നത്. കടലിന്റെ സ്വഭാവം കൃത്യമായി അറിയുന്ന പരിസരവാസികളും മത്സ്യത്തൊഴിലാളികളും നൽകുന്ന മുന്നറിയിപ്പുകൾ സന്ദർശകരിൽ പലരും ഗൗരവമായി എടുക്കാറില്ല.  അതു കൊണ്ടു തന്നെ അപകടങ്ങൾ പതിവാകുന്നു. ഇവിടെ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നും, സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണമെന്നും, അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാരും മത്സ്യത്തൊഴിലാളികളും വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു.

English Summary:

Beach tragedy in Thikkodi, Kerala, resulted in the death of four tourists. Following the incident, a conflict occurred between locals and police, highlighting the urgent need for improved beach safety measures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com