ഡാം റിസർവോയർ ബഫർ സോൺ ഉത്തരവ് എത്തി; ആശങ്കയിൽ മലയോരം

Mail This Article
കൂരാച്ചുണ്ട്∙ മലയോരത്ത് വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫർ സോൺ പ്രശ്നം അടങ്ങിയതിനു പിന്നാലെ ജലസേചന വകുപ്പിന്റെ ഡാം റിസർവോയറിന്റെ സമീപത്ത് ബഫർ സോൺ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയതിൽ ആശങ്ക. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ 120 മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിലവിൽ വന്നാൽ ആയിരക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിലാകും. 2500 ഏക്കറിലാണ് റിസർവോയർ മേഖല.
പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ പരമാവധി ജലസംഭരണ പ്രദേശത്ത് നിന്നും 20 മീറ്റർ ദൂരത്തിൽ സ്വന്തം ആവശ്യത്തിനുള്ള വീട് ഉൾപ്പെടെ പുതിയ നിർമിതി അനുവദിക്കില്ല. 20 മീറ്റർ മുതൽ 120 മീറ്റർ വരെയുള്ള ദൂരത്തിൽ നിയന്ത്രണവിധേയമായേ വീട് നിർമാണത്തിന് ഇനി അനുമതി ലഭിക്കു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകാൻ വിവേചനാധികാരം ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസ്, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, ഗോഡൗൺ ഉൾപ്പെടെ നിർമാണത്തിന് അനുമതിയില്ല.
ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, മുതുകാട്, പേരാമ്പ്ര എസ്റ്റേറ്റ്, നരിനട എന്നിവിടങ്ങളിൽ റിസർവോയർ തീരത്ത് താമസിക്കുന്നവരെ ബഫർ സോൺ ഉത്തരവ് പ്രതികൂലമായി ബാധിക്കും. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, തോണിക്കടവ്, 30ാം മൈൽ, ഓട്ടപ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, തൂവക്കടവ് മേഖലകളിലെ കുടുംബങ്ങളും ബുദ്ധിമുട്ടിലാകും.
സംസ്ഥാനത്തെ ജലസേചന വകുപ്പിന്റെ 61 ഡാമുകൾക്കു ചുറ്റും 120 മീറ്റർ ബഫർ സോൺ പ്രഖ്യാപനം ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും. തോണിക്കടവ് ടൂറിസം ഉൾപ്പെടെ ബഫർ സോൺ പ്രദേശത്തെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ മുടങ്ങുമെന്നും പറയുന്നു. നിലവിലെ പള്ളികൾ, സ്കൂൾ, പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് എന്നിവയുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും. 2024 ഡിസംബർ 26ന് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ബഫർ സോൺ ഉത്തരവ് കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസുകളിൽ എത്തിക്കഴിഞ്ഞു. പുതിയ വീട്, കെട്ടിട നിർമാണത്തിന് നിയന്ത്രണങ്ങൾ വരുമെന്നാണു സൂചന.
സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലെ ജലസേചന വകുപ്പ് ഡാമിന്റെ മേഖലയിൽ ബഫർ സോൺ പ്രഖ്യാപിക്കുന്നതിനു കേരള സർക്കാരിനു തന്നെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് അഭിപ്രായം ഉയരുന്നത്. റിസർവോയറിന്റെ പരമാവധി സംഭരണശേഷിയിൽ നിന്നു കാറ്റഗറി 1, 2 വിഭാഗങ്ങളിലെ ബഫർ സോൺ നിശ്ചയിക്കാൻ സർവേ പൂർത്തീകരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർവേ ഉടൻ ആരംഭിക്കും. പെരുവണ്ണാമൂഴി ഡാം റിസർവോയർ പൂർത്തീകരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോൾ ബഫർ സോൺ പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.