ADVERTISEMENT

കുറ്റിപ്പുറം ∙ ഉദ്ഘാടനം കഴിഞ്ഞ് 8 മാസം പിന്നിടുമ്പോഴും തവനൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ട് അടക്കമുള്ളവരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. 706 അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിൽ ഫാർമസി അടക്കമുള്ള സംവിധാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ജൂൺ 12ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

8 മാസം പിന്നിടുമ്പോൾ ജയിലിലുള്ള തടവുകാരുടെ എണ്ണം 345ൽ എത്തി. മാസംതോറും തടവുകാരുടെ എണ്ണം കൂടിവരികയാണ്. ഉദ്ഘാടന സമയത്ത് സൂപ്രണ്ട് ഉണ്ടായിരുന്നെങ്കിലും ഡിസംബർ 5 മുതൽ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ ജോയിന്റ് സൂപ്രണ്ടിനാണ് ഇപ്പോൾ ചുമതല. മെഡിക്കൽ ഓഫിസറെ നിയമിച്ചെങ്കിലും സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ എന്നിവരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.

ഫാർമസി ഇല്ലാത്തതിനാൽ മരുന്ന് പുറത്തുനിന്ന് വാങ്ങണം. അസി. സൂപ്രണ്ട് ഗ്രേഡ് (1) തസ്തികയിൽ 6 പേർ ആവശ്യമാണ്. ഒരാൾ മാത്രമാണ് ഉള്ളത്. ഗേറ്റ് കീപ്പർ തസ്തിയിൽ ഒരാൾ മാത്രം. 90 അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തിക ഉണ്ടെങ്കിലും 62 പേർ ഇല്ല.ഇലക്ട്രിഷ്യൻ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ ഇൻസ്ട്രക്ടർ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല. തവനൂർ ജയിലിന് ഇതുവരെ പുതിയ വാഹനം അനുവദിച്ചിട്ടില്ല. ആംബുലൻസ് സംവിധാനവും കാര്യക്ഷമമല്ല.

ലീഗൽ എയ്ഡ് ക്ലിനിക് നാളെ മുതൽ

തവനൂർ സെൻട്രൽ ജയിലിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ നിർവഹിക്കും. വൈകിട്ട് 3.30ന് ജയിൽ സമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.മുരളീകൃഷ്ണ അധ്യക്ഷനാകും. തടവുകാർക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കുന്നതിനായാണ് ജയിൽ കെട്ടിടത്തിൽ ലീഗൽ എയ്ഡ് ക്ലിനിക് ആരംഭിക്കുന്നത്.

172 സിസിടിവി ക്യാമറ സ്ഥാപിക്കും

തവനൂർ സെൻട്രൽ ജയിലിൽ പ്രദേശം ഇനി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ. ജയിൽ വളപ്പിന് പുറത്തടക്കം ക്യാമറകൾ സ്ഥാപിക്കുകയാണ്. 3 നിലകളിൽ സെല്ലുകളുള്ള സംസ്ഥാനത്തെ ഏക സെൻട്രൽ ജയിലായതിനാൽ ആദ്യഘട്ടത്തിൽത്തന്നെ 172 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്.

1.02 കോടി രൂപ ചെലവിട്ടാണ് ജയിൽ സമുച്ചയത്തിൽ നിരീക്ഷണ ക്യാമറകൾ ഒരുക്കുന്നത്. വയറിങ് ജോലികൾ പൂർത്തിയായി. ഈ മാസം ക്യാമറകൾ സ്ഥാപിച്ച് സിസിടിവി സംവിധാനം പ്രവർത്തനമാരംഭിക്കും. തവനൂർ ജയിലിലെ ശുചിമുറിയിൽ നിന്ന് മൊബൈൽ സിം കാർഡുകൾ പിടികൂടിയ സംഭവത്തിലടക്കം അന്വേഷണം സ്തംഭിച്ചത് നിരീക്ഷണ ക്യാമറകളുടെ അഭാവത്തെത്തുടർന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com