തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതിക്കു ചാന്താട്ടം

Mail This Article
അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ചാന്താട്ടം നടത്തി. രാവിലെ പന്തീരടി പൂജയ്‌ക്കു ശേഷം മുൻകൂട്ടി തയാറാക്കി വച്ച ചാന്ത് വാദ്യങ്ങളുടെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ചപ്പോൾ ഭക്തജനങ്ങൾ കൂപ്പുകൈകളുമായി അനുഗമിച്ചു.
നാലമ്പലത്തിനകത്ത് ശിവന്റെ മുഖമണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചാന്താട്ടം. നവകം, പഞ്ചഗവ്യം, കളഭം എന്നിവ അർച്ചനാ ബിംബത്തിലും ചാന്ത് ദാരുബിംബത്തിലും അഭിഷേകം ചെയ്തു. മാതൃശാലയിലെ ദാരുനിർമിതമായ സപ്‌തമാതൃക്കൾക്കും ഒടുവിലായി ക്ഷേത്രപാലനും ചാന്തഭിഷേകം നടത്തി. ചാന്താട്ടത്തിന് തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയും പ്രത്യേക പൂജകൾക്ക് പന്തലക്കോടത്ത് സജി നമ്പൂതിരിയും നേതൃത്വം നൽകി. ഉച്ചപൂജയോടെ ചടങ്ങുകൾ സമാപിച്ചു. പ്രസാദ ഊട്ടും ഉണ്ടായി. ചാന്താട്ടത്തിന് ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു.
ചാന്താട്ടത്തിന് പ്രത്യേകതരം തേക്കിൽനിന്ന് മാസങ്ങൾക്കു മുൻപുള്ള പ്രക്രിയകളിലൂടെ തയാറാക്കിയ 15 ലീറ്റർ ചാന്താണ് ഉപയോഗിച്ചത്. ചാന്താട്ടത്തിനു മുൻപായി ആഭരണങ്ങൾ മുഴുവൻ അഴിച്ചുമാറ്റി. ഇനി കന്നി മാസത്തിലെ ആയില്യം ദിനത്തിലാണ് വീണ്ടും ആഭരണങ്ങൾ ചാർത്തുക. തിരുമാന്ധാംകുന്നിലമ്മയുടെ ദാരുവിഗ്രഹത്തിന് ചൈതന്യം പകരുന്നതിനായി വർഷത്തിൽ 2 തവണയാണ് ചാന്താട്ടം നടക്കുക. ഇനി ഓഗസ്‌റ്റ് ഒൻപതിനും ചാന്താട്ടം നടക്കും. 2 ഭക്തരുടെ വഴിപാടായാണ് ഈ വർഷത്തെ ചാന്താട്ടം.