ഇരുമ്പോത്തിങ്ങൽ കടവിൽ ടോപ്പോഗ്രഫി സർവേ തുടങ്ങി

Mail This Article
തേഞ്ഞിപ്പലം ∙ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 35 കോടി രൂപ ചെലവിൽ പാലം പരിഗണിക്കുന്ന ഇരുമ്പോത്തിങ്ങൽ കടവിൽ ടോപ്പോഗ്രഫിക്കൽ സർവേ തുടങ്ങി. പാലത്തിന്റെ തൂണുകൾ നിർമിക്കാനുള്ള സ്ഥലത്തെ ആഴം, അപ്രോച്ച് റോഡിനുള്ള ഭൂമിയുടെ ഘടന, വിസ്തൃതി തുടങ്ങിയവ നിർണയിക്കാനാണ് തിരുവനന്തപുരത്ത് നിന്നുള്ള സ്വകാര്യ ഏജൻസി നിയോഗിച്ച വിദ്ഗധർ സർവെ നടത്തുന്നത്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പുഴയുടെയും അപ്രോച്ച് റോഡിനുള്ള പുഴയോരത്തെയും അടിത്തട്ടിലെ കരിമ്പാറയുടെ സാന്നിധ്യവും മണ്ണിന്റെ ഘടനയും പരിശോധിക്കാൻ മണ്ണ് പരിശോധന നടത്തും.
അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നൽകാമെന്ന് തേഞ്ഞിപ്പലം, വള്ളിക്കുന്ന് കരയിലെ ഭൂവുടമകൾ അതിന് മുൻപ് അനുവാദം അറിയിക്കണം. മണ്ണ് പരിശോധന ഉടൻ നടത്താനായാൽ വൈകാതെ ഡിസൈനും പ്രൊജക്ട് റിപ്പോർട്ടും തയാറാക്കി ടെൻഡർ നൽകി സമീപ ഭാവിയിൽ തന്നെ പാലം നിർമിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. 40 വർഷത്തിനിടെ പല തവണ തെന്നിപ്പോയ പാലം പദ്ധതിയാണ് ഒടുവിൽ പ്രതീക്ഷയുടെ കടവിൽ.
വള്ളിക്കുന്ന് കരയിലാണ് ഇന്നലെ ടോപ്പോഗ്രഫിക്കൽ സർവെ തുടങ്ങിയത്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ സ്ഥലത്തെത്തി സർവെ സംഘവുമായി ആശയവിനിമയം നടത്തി. വാർഡ് മെംബർ പി.എം. രാധാകൃഷ്ണൻ, വള്ളിക്കുന്ന് സോഷ്യൽ സർവീസ് സെക്രട്ടറി എൻ. രാധാകൃഷ്ണൻ, പുതുക്കാട്ടിൽ ഷിബി (സിപിഎം, തേഞ്ഞിപ്പലം), എ. അബ്ദുൽ ഖാദർ (കർഷക സംഘം) എന്നിവരും പ്രസിഡന്റിനൊപ്പം എത്തിയിരുന്നു. പുഴയിൽ ഇന്നും തേഞ്ഞിപ്പലം കരയിൽ നാളെയും സർവേ നടത്തും.