മരം പൊട്ടിവീണു; മംഗലംഡാം സാഹസിക പാർക്ക് അടച്ചു

Mail This Article
മംഗലംഡാം∙ മരം പൊട്ടിവീണതിനെത്തുടർന്ന് മംഗലംഡാം ഉദ്യാനത്തിലെ സാഹസിക പാർക്ക് താൽക്കാലികമായി അടച്ചു. കുട്ടികളുടെ പാർക്കിലെ റോപ് കോഴ്സ് ഘടിപ്പിച്ച മരങ്ങളിലൊന്നാണ് പൊട്ടി വീണത്. വൈകിട്ട് ആളൊഴിഞ്ഞ സമയമായതിനാൽ അപകടമില്ല. മരത്തിന് കേടു ബാധിച്ചുണ്ടായ ബലക്ഷയമായിരിക്കാം മരം പൊട്ടാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മരത്തിന്റെ ഭാഗത്ത് മറ്റ് സംവിധാനങ്ങളൊരുക്കി പാർക്ക് പ്രവർത്തന സജ്ജമാക്കുമെന്നും അധികൃതർ പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായുള്ള യങ് വിൻഡ് കമ്പിനിക്കാണ് പാർക്കിന്റെ മേൽനോട്ട ചുമതല. എന്നാൽ, മംഗലംഡാം ഉദ്യാനത്തിന്റെ ശോചനീയവസ്ഥ കാരണം സഞ്ചാരികളുടെ വരവ് വളരെ കുറവാണ്. സാഹസിക പാർക്കിലും കാര്യമായി ആളില്ല. ജീവനക്കാരുടെ ശമ്പളത്തിനുള്ള വരുമാനം പോലുമില്ലാത്ത അവസ്ഥയാണ്. മരം വീണ് കുട്ടികളുടെ പാർക്ക് അടച്ചതോടെ പാർക്കുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരുള്ളതിൽ മൂന്ന് പേരെ പോത്തുണ്ടിയിലേക്ക് മാറ്റിയതായി കമ്പനി അധികൃതർ പറഞ്ഞു. മുതിർന്നവർക്കുള്ള സാഹസിക പാർക്ക് പ്രവർത്തിക്കുന്നുണ്ട്.