ADVERTISEMENT

കൊല്ലങ്കോട് ∙ ജില്ലയുടെ കിഴക്കൻമേഖലയിൽ ശുദ്ധജലക്ഷാമം ഒഴിവാക്കുന്നതിനു പറമ്പിക്കുളത്തു നിന്നു കൂടുതൽ വെള്ളം ലഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ വേണം. പറമ്പിക്കുളം അണക്കെട്ടിൽ 12.2 ടിഎംസി വെള്ളവും തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിലായി 1.03 ടിഎംസി വെള്ളവുമുണ്ട്.  പറമ്പിക്കുളം–ആളിയാർ കരാറിന്റെ ഭാഗമായ ആളിയാർ അണക്കെട്ടിൽ ഇന്നലെ 1.06 ടിഎംസി വെള്ളമുണ്ടെന്നാണു കണക്ക്. നവംബർ പകുതി വരെയുള്ള കാലയളവിൽ സെക്കൻഡിൽ 310 ക്യുസെക്സ് വെള്ളമാണു മണക്കടവ് വിയർ വഴി സംസ്ഥാനത്തിനു ലഭിക്കേണ്ടത്. 

എന്നാൽ, ഇന്നലെ വൈകിട്ടു കേരളത്തിനു ലഭിച്ച വെള്ളത്തിന്റെ അളവു 185 ക്യുസെക്സ് വെള്ളം മാത്രമാണ്. പറമ്പിക്കുളം–ആളിയാർ വെള്ളത്തെ പ്രധാനമായി ആശ്രയിക്കുന്ന ചിറ്റൂർ പുഴ, ഗായത്രിപ്പുഴ പദ്ധതികളുമായി ബന്ധപ്പെട്ട് ഒട്ടേറെ ശുദ്ധജല പദ്ധതികളുണ്ട്. പലതിലും ഇപ്പോൾ തന്നെ വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. ചിറ്റൂർ പുഴ പദ്ധതിയിലും ഗായത്രിപ്പുഴ പദ്ധതിയുടെ ഭാഗമായ മീങ്കര അണക്കെട്ടിലും വെള്ളമില്ലാതായാൽ ആയിരക്കണക്കിനു കുടുംബങ്ങളുടെ ശുദ്ധജലം മുട്ടും. 

മീങ്കര അണക്കെട്ടിൽ വളരെ കുറച്ചു ദിവസത്തേക്കു വിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ വെള്ളം രണ്ടാംവിള കൃഷിക്കുൾപ്പെടെ ഉപയോഗിക്കണം. സംസ്ഥാനാന്തര നദീജല ക്രമീകരണ ബോർഡ് യോഗത്തിൽ കേരളം ആവശ്യപ്പെട്ട വെള്ളത്തിന്റെ പകുതി പോലും നൽകാനാകില്ലെന്ന നിലപാടാണു തമിഴ്നാട് സ്വീകരിച്ചത്.

മഴയില്ലാത്ത സാഹചര്യത്തിൽ രണ്ടാംവിള കൃഷിയിറക്കരുതെന്ന നിർദേശം തമിഴ്നാട്ടിലെ കർഷകർക്കു നൽകിയിട്ടുണ്ടെന്ന ന്യായവാദവും അവർ ഉന്നയിച്ചു. പറമ്പിക്കുളം വെള്ളം കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു തമിഴ്നാട് കൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായി. സർക്കാർപതി വഴി വൈദ്യുതി ഉൽപാദിപ്പിച്ചതിനു ശേഷം ആളിയാറിലേക്കു വെള്ളം എത്തിയാൽ മാത്രമേ മണക്കടവ് വിയർ വഴി കേരളത്തിനു വെള്ളം ലഭിക്കൂ. തുലാമഴ ആവശ്യത്തിനു കിട്ടാതിരിക്കുകയും സംസ്ഥാന ജലസേചന വകുപ്പും മന്ത്രിയും കൃത്യമായി ഇടപെടാതിരിക്കുകയും ചെയ്താൽ ശുദ്ധജല ക്ഷാമം രൂക്ഷമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com