കുട്ടികളുടെ വഴി മുടക്കി റെയിൽവേ; സ്കൂളിലേക്കുള്ള വഴിയിലെ പടികൾ പൊളിച്ചു
Mail This Article
പട്ടാമ്പി ∙ സ്കൂൾ കുട്ടികളുടെ വഴി മുടക്കിയുള്ള റെയിൽവേ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്കൂൾ പിടിഎ കമ്മിറ്റിയും പഞ്ചായത്തും. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വർഷങ്ങളായി റെയിൽ കടന്ന് സ്കൂളിലെത്താനും തിരിച്ച് പോകാനും ഉപയോഗിക്കുന്ന വഴിയാണ് റെയിൽവേ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 4ന് നാട്ടുകാർ പഞ്ചായത്ത് നേതൃത്വത്തിൽ സ്കൂളിൽ യോഗം ചേർന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം റെയിൽവേ ഉദ്യോഗസ്ഥർ മണ്ണ് മാന്തി യന്ത്രവുമായെത്തി കുട്ടികൾ നടക്കുന്ന വഴിയിലെ പടികൾ പൊളിച്ച് മാറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെയും ഇടപെടലുകളെ തുടർന്ന് പടി പൊളിക്കൽ താൽക്കാലികമായി നിർത്തിയെങ്കിലും ഇതുവഴിയുള്ള കുട്ടികളുടെ യാത്ര അനുവദിക്കില്ലെന്നാണ് റെയിൽവേ അധികൃതരുടെ മുന്നറിയിപ്പ്.
റെയിൽ അപകടങ്ങൾ കുറയ്ക്കാൻ പാലക്കാടിനും മംഗലാപുരത്തിനും ഇടയിൽ ഇത്തരത്തിലുള്ള റെയിൽ കടന്നുള്ള എല്ലാ വഴി യാത്രകളും റെയിൽവേ നിരോധിക്കാൻ തീരുമാനിച്ചതായും അതിന്റെ ഭാഗമായാണ് പെരുമുടിയൂർ സ്കൂളിലേക്കുള്ള വഴിയും നിരോധിക്കുന്നതെന്നും ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. പട്ടാമ്പി പള്ളിപ്പുറം റോഡിൽ നിന്നും പാടം വഴി റെയിൽവേ ലൈൻ കടന്ന് സ്കൂളിലേക്ക് എത്തുന്ന എളുപ്പ വഴിയാണ് കുട്ടികൾക്ക് റെയിൽവേ തീരുമാനത്തിലൂടെ നഷ്ടമാകുന്നത്. പാടത്ത് നിന്നും റെയിൽവേ ലൈനിലേക്ക് കയറാൻ മുൻപ് നിർമിച്ച് പടികളാണ് റെയിൽവേ പൊളിച്ചുമാറ്റിയത്. മുൻപ് ഇവിടെ ട്രെയിൻ തട്ടി സ്കൂൾ വിദ്യാർഥികൾ മരിച്ച അപകടങ്ങൾ ഉണ്ടായതിനാൽ റെയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റെയിൽവേ എടുക്കുന്ന നടപടികളോട് എതിർപ്പില്ലെന്നും അതേ സമയം കുട്ടികളുടെ അപകട യാത്ര ഒഴിവാക്കാൻ പ്രദേശത്ത് റെയിൽവേ മേൽപ്പാലമോ, റെയിൽവേ അടിപ്പാതയോ നിർമിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നും പാലം നിർമിക്കുന്നത് വരെ നിലവിലെ വഴി ഉപയോഗിക്കാൻ അനുമതി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മുതുതല പഞ്ചായത്തിലെ 6 മുതൽ 12വരെ വാർഡുകളിലുള്ളവർ യോഗം ചേർന്ന് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ജിഒഎച്ച്എസ്എസ്, എസ്എൻജിഎൽപിഎസ് എന്നീ സ്കൂളുകളിലേക്കുള്ള വഴി മുടക്കിയ റെയിൽവേ നടപടിയെക്കുറിച്ച് ചർച്ചചെയ്യും. നേരത്തെ പിടിഎ കമ്മിറ്റിയും, പഞ്ചായത്തും എംപി, എംഎൽഎ എന്നിവർ മുഖേനയും നേരിട്ടും റെയിൽവേ അധികൃതർക്ക് റെയിൽവേ അടിപ്പാതയോ റെയിൽവേ മേൽപ്പാലമോ നിർമിക്കണമെന്നാവശ്യപ്പെട്ട് പല തവണ നിവേദനം നൽകുകയും നടപടി കാത്തിരിക്കുകയും ചെയ്യുമ്പോൾ മുന്നറിയിപ്പില്ലാതെ സ്കൂളിലേക്കുള്ള വഴി മുടക്കിയ റെയിൽവേ നടപടി അംഗികരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.