കെഎസ്ആർടിസി സ്റ്റാൻഡിൽ സംസ്ഥാനാന്തര ബസ് ടെർമിനൽ തുറക്കണം: മന്ത്രിക്കു കത്ത്

Mail This Article
പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനാന്തര ബസ് ടെർമിനൽ തുറന്നു നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനു കത്തു നൽകി. തിരക്കേറുന്ന ദിവസങ്ങളിലും ആഘോഷാവസരങ്ങളിലും കോയമ്പത്തൂരിലേക്കുള്ള യാത്രക്കാർ മഴയും വെയിലുമേറ്റ് വരി നിൽക്കേണ്ടി വരുമ്പോഴും സംസ്ഥാനാന്തര ബസ് ടെർമിനൽ തുറന്നു നൽകാൻ കെഎസ്ആർടിസി നടപടി സ്വീകരിച്ചിരുന്നില്ല. ഈ ടെർമിനൽ ഉപയോഗപ്പെടുത്തി സംസ്ഥാനാന്തര ബസ് സർവീസുകൾ അവിടെ നിന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ കത്തു നൽകിയിരിക്കുന്നത്. നിലവിലെ സ്റ്റാൻഡിൽ 10 ട്രാക്കുകളിൽ 3 എണ്ണം സംസ്ഥാനാന്തര ബസ്സുകൾക്കായി നീക്കിവച്ചിട്ടും തിരക്കൊഴിയുന്നില്ല. ബസുകൾ പ്രധാന റോഡിൽ വരെ നിർത്തിയിടേണ്ടുന്ന സ്ഥിതിയുണ്ട്.
ഇത് ബിഇഎം സ്കൂൾ ജംക്‌ഷൻ മുതൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും കെഎസ്ആർടിസിയെ ഇക്കാര്യം അറിയിച്ചിരുന്നു. കോയമ്പത്തൂർ, പൊള്ളാച്ചി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ സംസ്ഥാനാന്തര ടെർമിനലിൽ നിന്നാരംഭിച്ചാൽ പുതിയ സ്റ്റാൻഡിലെ തിരക്ക് പൂർണമായും ഒഴിവാക്കാം. പ്രധാന റോഡിലെ ഗതാഗതവും സുഗമമാകും. കെ.കെ.ദിവാകരൻ പാലക്കാട് എംഎൽഎയായിരിക്കുമ്പോൾ അദ്ദേഹം അനുവദിച്ച ആസ്തി വികസന ഫണ്ടിൽ നിന്നാണ് സംസ്ഥാനാന്തര ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. നേരിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ ഇവിടെ നിന്നും ബസ് സർവീസ് ആരംഭിക്കാൻ തടസ്സം ഇല്ല.