വീട്ടുമുറ്റത്തു നിന്നയാളുടെ മുഖത്ത് തെരുവുനായ കടിച്ചു

Mail This Article
അലനല്ലൂർ∙ പെരിമ്പടാരിയിൽ വീട്ടുമുറ്റത്തു ജോലി ചെയ്തുകൊണ്ടിരുന്നയാളുടെ മുഖത്തു തെരുവുനായ കടിച്ചു. മാരിയമ്മൻ കോവിലിനു സമീപത്തെ പയ്യനാട് വേണുഗോപാലിനാണ് (62) ഇന്നലെ രാവിലെ 10 മണിയോടെ കടിയേറ്റത്. നായയുടെ മുരൾച്ച കേട്ടു തിരിഞ്ഞുനോക്കുന്നതിനിടെ മുഖത്തു ചാടിക്കടിക്കുകയായിരുന്നെന്നു വേണുഗോപാൽ പറഞ്ഞു.
മുഖത്തിന്റെ ഇടതുവശത്തു നായ കടിച്ചുതൂങ്ങി. രണ്ടും കയ്യും ഉപയോഗിച്ചു നായയുടെ വായ പിളർത്തിയതോടെയാണു കടി വിട്ട് ഓടിപ്പോയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണിനു താഴെയും മേൽച്ചുണ്ടിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇന്നലത്തെ സംഭവത്തോടെ നാട്ടുകാർ ഭീതിയിലാണ്.