വീട്ടിലേക്കു റോഡില്ല; നെല്ലായയിൽ 6 കുടുംബങ്ങൾ ദുരിതത്തിൽ

Mail This Article
ചെർപ്പുളശ്ശേരി ∙ നെല്ലായ പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കല്ലിടുമ്പ് കോഴിക്കുന്നത്ത് കുഴിപ്പുറം പ്രദേശത്തെ ആറു കുടുംബങ്ങൾ വീട്ടിലേക്ക് റോഡില്ലാതെ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 10 പിന്നിട്ടെങ്കിലും പരിഹാരമായില്ല.ആറു വീടുകളിൽ മുപ്പതോളം അംഗങ്ങളിൽ 3 പേർ ഭിന്നശേഷിക്കാരും രോഗബാധിതനായി കിടപ്പിലായ ഒരു പ്രായമായ ആളുമുണ്ട്. ഇവരെ ആശുപത്രിയിൽ കൊണ്ടു പോകണമെങ്കിലും തിരിച്ചു വീട്ടിലെത്തിക്കുന്നതിനും വളരെയേറെ ത്യാഗം സഹിക്കണെന്ന അവസ്ഥയാണ്. നെല്ലായ–മപ്പാട്ടുകര പിഡബ്ല്യുഡി റോഡിൽ നിന്ന് 150 മീറ്റർ ദൂരം പാടവരമ്പിലൂടെ കസേരയിലിരുത്തിയോ സ്ട്രെച്ചർ കൊണ്ടു വന്നു ചുമലിലേറ്റിയോ വേണം ഇവരെ ആശുപത്രിയിലേക്ക് എത്തിക്കണമെന്നതാണു സ്ഥിതി.
10 വർഷത്തിലേറെയായി അനുഭവിക്കുന്ന ഈ ദുരിതം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ആറു വീടുകളിലേക്കും പ്രധാനപാതയിൽ നിന്ന് ഒരു ഓട്ടോറിക്ഷയ്ക്കു പോലും വരാൻ കഴിയില്ല. വീട്ടിൽ ആർക്കെങ്കിലും രോഗം വന്നാൽ ഇവരുടെ ഉള്ളിൽ പിടച്ചിലാണ്. ഈ സമയം ആണുങ്ങളാരും വീട്ടിൽ ഇല്ലെങ്കിൽ തങ്ങളാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതെന്ന് വീട്ടമ്മമാർ പറഞ്ഞു.
മഴക്കാലമായാൽ വഴിയിൽ വെള്ളം കെട്ടിനിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിയേണ്ട സ്ഥിതിയും ഉണ്ടായി. പ്രശ്നം സംബന്ധിച്ച് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഡപ്യൂട്ടി സെക്രട്ടറിക്കും പഞ്ചായത്ത്, വില്ലേജ് അധികാരികൾക്കും ഒട്ടേറെ തവണ പരാതി സമർപ്പിച്ചുരുന്നെങ്കിലും പ്രതികരണമില്ലെന്നും കുടുംബങ്ങളിലുള്ളവർ പറഞ്ഞു.
ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും വിഫലമാകുകയാണ് ഉണ്ടായത്. 150 മീറ്റർ ദൈർഘ്യുള്ള പാടവരമ്പ് വഴിയുടെ പരിസരം 10ലധികം വ്യക്തികളുടെ കൈവശത്തിലുള്ള സ്ഥലമാണ്. ഇവർ എല്ലാവരും റോഡിനാവശ്യമായ സ്ഥലം വിട്ടു നൽകാൻ തയാറായെങ്കിൽ മാത്രമേ റോഡ് യാഥാർഥ്യമാകൂ. ഇതിനായി ഈ വ്യക്തികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവർ സമ്മതം അറിയിച്ചാൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇതു വഴി റോഡ് നിർമിക്കാൻ കഴിയുമെന്നും വാർഡംഗം പി.പ്രദീപ്കുമാർ പറഞ്ഞു.