‘വേസ്റ്റ് ടു ബയോഗ്യാസ്’ പ്ലാന്റ് രണ്ടാംഘട്ട നിർമാണം ആരംഭിച്ചു

Mail This Article
വാളയാർ ∙ മാലിന്യത്തിൽ നിന്നു ഊർജം ഉൽപാദിപ്പിക്കാൻ കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിർമിക്കുന്ന ‘വേസ്റ്റ് ടു ബയോഗ്യാസ്’ പ്ലാന്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഞ്ചിക്കോട് ന്യൂ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ കെഎസ്ഇബി സബ്സ്റ്റേഷനു എതിർവശത്തെ 11 ഏക്കർ സ്‌ഥലത്തു നിർമിക്കുന്ന പ്ലാന്റിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റായ 2 ഡൈജസ്റ്ററുകളുടെ നിർമാണമാണു പുരോഗമിക്കുന്നത്. മാലിന്യം സംസ്കരിച്ചു വാഹനങ്ങളിൽ ഉപയോഗിക്കുന്ന കംപ്രസ്‌ഡ് ബയോ ഗ്യാസാക്കി (സിബിജി) മാറ്റുന്ന പ്ലാന്റാണ് ഇവിടെ ഒരുക്കുന്നത്. സംഭരിക്കുന്ന മാലിന്യം വേർതിരിച്ചു മെഷീനുകളിലൂടെ പൾപ്പ് രൂപത്തിലാക്കി നിക്ഷേപിക്കുന്നത് ഡൈജസ്റ്ററുകളിലേക്കാണ്. ഇതിൽ നിന്നാണു ഗ്യാസ് രൂപപ്പെടുത്തിയെടുക്കുക. പ്രതിദിനം 200 ടൺ മാലിന്യമാണു സംഭരിച്ചു പൾപ്പാക്കി മാറ്റുന്നത്.
ഡൈജസ്റ്ററുകളുടെ നിർമാണം പൂർത്തിയാക്കിയാൽ ഉടൻ ഗ്യാസ് ഉൽപാദിപ്പിക്കുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള മെഷീനുകൾ എത്തിക്കും. 7 നഗരസഭകളിലെയും 22 പഞ്ചായത്തുകളിലെയും മാലിന്യമാണു സംഭരിക്കുക. പ്ലാന്റിന്റെ 60 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശ സ്ഥാപനങ്ങളെയാണു ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. 150 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പ്ലാന്റ് പാലക്കാടിനുള്ള 2026ലെ പുതുവത്സര സമ്മാനമായി പ്രവർത്തനം ആരംഭിക്കാനാണു ശ്രമം. പൊതു, സ്വകാര്യ പങ്കാളിത്തതോടെ സ്‌ഥാപിക്കുന്ന പ്ലാന്റിന്റെ ഏകോപനം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനാണ് (കെഎസ്ഐഡിസി). പദ്ധതി നടപ്പാക്കുന്നതും നിർമിക്കുന്നതും ഗ്യാസ് പ്ലാന്റ് നടത്തുന്നതും ബ്ലൂ പ്ലാനറ്റ് എൻവയൺമെന്റ് സൊല്യൂഷൻസ് കമ്പനിയാണ്. കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റാണ് കഞ്ചിക്കോട്ടേത്.

മൾട്ടി ലെയർ പ്ലാസ്റ്റിക് മാലിന്യവും സംസ്കരിക്കാം
എല്ലാത്തരം ജൈവ, അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റാണ് കഞ്ചിക്കോട്ടേത്. തദ്ദേശ സ്ഥാപനങ്ങളിൽ സംസ്കരിക്കാനാവാതെ കെട്ടിക്കിടക്കുന്ന മൾട്ടിലെയർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കഞ്ചിക്കോട്ടെ പ്ലാന്റിൽ സംസ്കരിക്കാനാകും. പദ്ധതി പ്രകാരം ഒരു ടൺ മാലിന്യം ശേഖരിക്കാൻ 3500 രൂപ കമ്പനിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കലക്‌ഷൻ തുക നൽകണം. ഈ തുക സംസ്ഥാന സർക്കാർ വഹിക്കും. നിലവിൽ ഹരിത കർമസേന മാലിന്യം ശേഖരിക്കുന്നത് അജൈവ മാലിന്യത്തെ 14 വിഭാഗങ്ങളായി തരം തിരിച്ചാണ്. എന്നാൽ, പുതിയ പദ്ധതി പ്രകാരം ജൈവം, അജൈവം എന്നിങ്ങനെ 2 തരം തിരിവ് മാത്രമേ ആവശ്യമുള്ളു.