അന്ന് പത്തിൽ ‘അഞ്ചും’ പഠിച്ചിറങ്ങി; നാല് പതിറ്റാണ്ടിനുശേഷം പഠിപ്പിച്ചിറങ്ങി
Mail This Article
പത്തനംതിട്ട ∙ ‘41 വർഷം മുൻപത്തെ ക്ലാസ് മുറിയിലേക്ക് വീണ്ടും ചെന്നുകയറിയതുപോലെയാണ് ആദ്യം തോന്നിയത്. ജയയും ഷൈനിയും മിനിമോളും മേഴ്സിയുമെല്ലാം ഒരുപാട് മാറിയിട്ടുണ്ട്. എന്നാൽ വീണ്ടും ഒന്നിച്ചെത്തിയപ്പോൾ, ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവന്റ് ഗേൾസ് എച്ച്എസിലെ പഴയ പത്താം ക്ലാസിലേക്ക് മടങ്ങിപ്പോയ ആവേശത്തിലായിരുന്നു ഞങ്ങളെല്ലാവരും’– മല്ലപ്പള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകാനായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പങ്കെടുത്ത മഠത്തുംഭാഗം നോർത്ത് എംഡി എൽപി സ്കൂളിലെ പ്രധാനാധ്യാപിക പി.ശലോമിയുടെ വാക്കുകളാണിത്.
4 പതിറ്റാണ്ട് മുൻപ് ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവന്റ് ഗേൾസ് എച്ച്എസില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി ഒന്നിച്ചു പടിയിറങ്ങിയ പി. ശലോമി, ഷൈനി വർഗീസ്, മേഴ്സി തോമസ്, കെ.എസ്.മിനിമോൾ, ജയ സൂസൻ ജോൺ എന്നിവർ വീണ്ടും ഒന്നിച്ചത് മറ്റൊരു പടിയിറക്കത്തിന്റെ വേദിയിലായത് തികച്ചും യാദൃശ്ചികമായി.
അന്ന് വിദ്യാർഥികളായി ഒരുസ്കൂളിൽനിന്ന് പടിയിറങ്ങിയ 5 പേരും ഇത്തവണ പടിയിറങ്ങുന്നത് മല്ലപ്പള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ചുമതലകളിൽ നിന്നാണ്. പി. ശലോമി മഠത്തുംഭാഗം നോർത്ത് എംഡി എൽപിഎസിന്റെയും ഷൈനി വർഗീസ് ആനിക്കാട് സെന്റ് മേരീസ് എൽപിഎസിന്റെയും മേഴ്സി തോമസ് ചാക്കോംഭാഗം സെന്റ് മേരീസ് എൽപിഎസിന്റെയും കെ.എസ്.മിനിമോൾ കുന്നന്താനം ഗവ. ഡിവി എൽപിഎസിന്റെയും പ്രധാനാധ്യാപകരായും ജയ സൂസൻ ജോൺ മുറ്റത്തുമാവ് സിഎംഎസ് എൽപി സ്കൂൾ അധ്യാപികയുമായാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്.
ചെങ്ങരൂരിന്റെ പരിസരപ്രദേശങ്ങളിൽനിന്ന് ബഥനി സ്കൂളിൽ എത്തിയ 5 പേർക്കും അധ്യാപകരാകണം എന്നു തന്നെയായിരുന്നു ലക്ഷ്യം. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി 1982ൽ പലവഴിക്ക് പിരിഞ്ഞെങ്കിലും ലക്ഷ്യത്തിൽ നിന്ന് ഇവർ പിന്തിരിഞ്ഞില്ല. വിവിധ സ്ഥലങ്ങളിൽ തുടർപഠനം നടത്തിയ ഇവർ വിവിധ വർഷങ്ങളിലാണ് അധ്യാപന ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽ ജോലി ചെയ്ത ശേഷമാണ് ഇവരിൽ പലരും മല്ലപ്പള്ളി ഉപജില്ലയിൽ എത്തിയത്. ലക്ഷ്യ പൂർത്തീകരണത്തിന് ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്നതിന്റെ വേദിയിൽ ഒന്നിച്ചെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണിവർ.