പത്തനംതിട്ട എഫ്എം ഇന്നു മുതൽ ഓൺ എയർ
Mail This Article
പത്തനംതിട്ട ∙ കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട എഫ്എം ട്രാൻസ്മിറ്ററിൽ നിന്നുള്ള പരിപാടികൾ ഇന്നു മുതൽ ജില്ലാ നിവാസികൾക്കു കേൾക്കാം. പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്ന എഫ്എം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ആകാശവാണി നിലയിൽ നിന്നുള്ള പരിപാടികളാണു പ്രക്ഷേപണം ചെയ്യുക. ട്രാൻസ്മിറ്ററിന്റെ പ്രസരണശേഷി 100 വാട്സാണ്. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കൾക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാം.
പത്തനംതിട്ടയിലെ ട്രാൻസ്മിറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശമായ മണ്ണാറ മലയിലായതിനാൽ 25 കിലോമീറ്റർ ചുറ്റളവിൽ വരെ പരിപാടികൾ കേൾക്കാനാകും. 101.0 മെഗാ ഹെർട്സ് ഫ്രീക്വൻസിയിലാണ് പ്രക്ഷേപണം നടത്തുക. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. എംപി ഇന്നലെ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധനയും നടന്നു. ആകാശവാണി തിരുവനന്തപുരം നിലയം ഡപ്യൂട്ടി ഡയറക്ടർ ജനറൽ രാജു വർഗീസ്, ഡയറക്ടർ പി.ആർ.ഷാജി, സീനിയർ എൻജിനീയറിങ് അസിസ്റ്റന്റ് കെ.ബി.വേണുഗോപാലൻ നായർ എന്നിവർ സ്ഥലം സന്ദർശിച്ചു.