നിരോധനം നീങ്ങി; സഞ്ചാരികളുടെ തിരക്കിൽ അടവി
Mail This Article
തണ്ണിത്തോട് ∙ കനത്ത മഴയെത്തുടർന്നുള്ള നിരോധനം നീങ്ങിയതോടെ അടവിയിൽ സഞ്ചാരികളുടെ തിരക്കേറി. കുട്ടവഞ്ചിയിലേറാൻ കുടുംബമായെത്തുന്നവർ കല്ലാറ്റിൽ കുളിച്ചും നീന്തിയും സമയം ചെലവഴിച്ചാണ് മടങ്ങുന്നത്.കുട്ടവഞ്ചി സവാരിക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും സഞ്ചാരികളെ ബാധിച്ചിട്ടില്ല. ഇവിടം സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഏറുകയാണ്. ഒട്ടേറെ വിദേശികളും എത്തുന്നുണ്ട്.
ഓസ്ട്രേലിയ, ദുബായ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നാണ് അടുത്തിടെ സഞ്ചാരികൾ എത്തിയത്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജൂലൈ 30 മുതൽ കഴിഞ്ഞ 5 വരെ കുട്ടവഞ്ചി സവാരി നിർത്തിവച്ചിരുന്നു. എന്നാൽ നിരോധനം നീങ്ങി പ്രവർത്തനം പുനരാരംഭിച്ചതോടെ ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ട്.
ഇടയ്ക്കിടെ പെയ്യുന്ന മഴയൊന്നും സഞ്ചാരികളുടെ മനസ്സ് മടുപ്പിക്കുന്നില്ല. കഴിഞ്ഞ മാസം 25 മുതൽ കുട്ടവഞ്ചി സവാരിക്കുള്ള ടിക്കറ്റ് നിരക്ക് 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയിരുന്നു. പരമാവധി 4 മുതിർന്നവർക്കും ഒരു കുട്ടിക്കും ഉൾപ്പെടെ ഒരു കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്കാണിത്.
കഴിഞ്ഞ ചൊവ്വ മുതൽ ഞായർ വരെ ദിവസങ്ങളിൽ യഥാക്രമം 22, 23, 32, 40, 69, 74 കുട്ടവഞ്ചികൾ സവാരി നടത്തി. ഇതിനു പുറമെ കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിക്കാനായി എത്തുന്നവരും ഏറെയാണ്. സഞ്ചാരികളിൽ മിക്കവരും തലമാനം, മണ്ണീറ വെള്ളച്ചാട്ടങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് അടവി.