ഒരു കുഞ്ഞു കഥ, നന്മയുടെ വലിയ സന്ദേശം; കുട്ടികൾ ഒരുക്കിയ ‘മണിപ്ലാന്റ്’.

Mail This Article
കോന്നി∙ ലോകത്ത് എന്തു നട്ടാലും കിളിർക്കുമെങ്കിൽ എന്തൊരു അദ്ഭുതമായി മാറിയേനെ. കുഞ്ഞു മനസ്സിന്റെ കൗതുകം നിറഞ്ഞ ചിന്തകളും കുറെ ആശങ്കകളും. ഒടുവിൽ അവൾക്കു പരിഹാരവുമായി എത്തുന്ന ശ്രീജ ടീച്ചറും. പതിവ് ഹ്രസ്വ ചിത്രങ്ങളുടെ പ്രമേയങ്ങൾക്കു ബൈ പറഞ്ഞു വ്യത്യസ്ത അനുഭവമായി മാറുകയാണു കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരുക്കിയ ‘മണിപ്ലാന്റ്’.
സ്കൂളിലെ കുട്ടികളും അധ്യാപകരും അനധ്യാപകരുമാണു ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. വിദ്യാർഥികളെ അധ്യാപകർ എങ്ങനെ സ്വാധീനിക്കുമെന്നു ഹൃദ്യമായി സംവദിക്കുകയാണ് ഈ ചിത്രം. 11 മിനിറ്റുള്ള ചിത്രം ഇതിനോടകം പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു.
കുട്ടികളിലുണ്ടാകേണ്ട മാനുഷിക മൂല്യങ്ങളുടെയും നന്മയുടെയും ഓർമപ്പെടുത്തൽ കൂടിയാണ് ‘മണി പ്ലാന്റ്’. കുട്ടികളിലെ സിനിമ അഭിരുചി വളർത്തുന്നതിനൊപ്പം അതിന്റെ പിന്നണി പ്രവർത്തനങ്ങളിലെ അധ്വാനം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഹ്രസ്വചിത്രം ഒരുക്കിയതെന്ന് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപിക അപ്സര പി.ഉല്ലാസ് പറഞ്ഞു.
സംവിധാനം എസ്.ആരുഷും രചന ജെറീറ്റ രഞ്ജിയും നിർവഹിച്ചിരിക്കുന്നു. ക്യാമറ റോൺ ടി.പ്രകാശ്, എഡിറ്റിങ് ആൽഫിൻ ജോ മാത്യു. ജ്യോതിസ് പി.ഉല്ലാസാണ് നിർമാണം. അധ്യാപികമാരായ അപ്സര പി.ഉല്ലാസ്, എസ്.ശ്രീജ, ആർ.വിധു എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയത്. എസ്.ശ്രീനിധ, അനിരുദ്ധ് ഉദയ്, ആർ.ഗിരീഷ് കുമാർ, മഞ്ജു പി.നായർ, ആർ.സുരേഷ്കുമാർ, കെ.ബി.ബിനു തുടങ്ങിയവരാണ് അഭിനേതാക്കൾ.