മൂർത്തിമൺ – ആലുവാംകുടി റോഡ് സഞ്ചാരയോഗ്യമാക്കി

Mail This Article
തേക്കുതോട് ∙ മൂർത്തിമൺ – ആലുവാംകുടി റോഡ് സഞ്ചാരയോഗ്യമാക്കി. ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി മൂർത്തിമൺ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വനത്തിലൂടെയുള്ള റോഡിലെ അടിക്കാടുകൾ തെളിച്ച് വൃത്തിയാക്കി. തേക്കുതോട് നിന്ന് ആലുവാംകുടിയിലേക്കുള്ള എളുപ്പ മാർഗമാണിത്. മൂർത്തിമൺ ജനവാസ മേഖല വരെ കോൺക്രീറ്റ് റോഡും തുടർന്നുള്ള വനഭാഗത്ത് മൺ റോഡുമാണ്. വനഭാഗത്ത് നിരപ്പായ റോഡായതിനാൽ അടിക്കാട് തെളിച്ചതോടെ തടസ്സമില്ലാതെ യാത്രാസൗകര്യം ഒരുങ്ങി.മൂർത്തിമൺ വനദുർഗാദേവി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹജ്ഞാനയജ്ഞം നാളെ ആരംഭിക്കും. ശിവരാത്രി ഉത്സവ ദിനത്തിൽ ആലുവാംകുടി ക്ഷേത്രത്തിലേക്ക് ഇതുവഴി പോകുന്നവർക്ക് ഭക്ഷണവും വെള്ളവും വിശ്രമ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മൂർത്തിമൺ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മൂർത്തിമൺ – ആലുവാംകുടി റോഡ് സഞ്ചാരയോഗ്യമായതോടെ വാഹനങ്ങൾ ഇതുവഴി യാത്ര ആരംഭിച്ചിട്ടുണ്ട്.