സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെ വാമനപുരം നദിയിൽ കാണാതായി

Mail This Article
ചിറയിൻകീഴ്∙ സെക്രട്ടേറിയറ്റിലെ റെക്കോർഡ്സ് വിഭാഗം അണ്ടർസെക്രട്ടറി ചിറയിൻകീഴ് ഒറ്റപ്ളാമുക്ക് ഗ്രീഷ്മത്തിൽ ഇള ദിവാകറി(49)നെ വാമനപുരം നദിയിൽ കാണാതായി. അഗ്നി രക്ഷാ വിഭാഗവും നാട്ടുകാരും ഉച്ചയോടെ തുടങ്ങിയ തിരച്ചിൽ വിഫലമായി. തിരച്ചിൽ ഇന്നു തുടരും. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
പുലർച്ചെ വീട്ടിൽ നിന്നു സ്കൂട്ടറിൽ പുറപ്പെട്ടതാണ്.ചിറയിൻകീഴ് അയന്തികടവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയ സ്കൂട്ടർ പൊലീസ് പരിശോധിച്ചാണ് സെക്രട്ടറിയേറ്റിലെ തിരിച്ചറിയൽ കാർഡ് കണ്ടെത്തുന്നത് .ഉച്ചയോടെ തിരുവനന്തപുരത്തുനിന്നു 10അംഗ സ്കൂബടീം എത്തി തിരച്ചിൽ ഏറ്റെടുത്തു.ആഴമേറിയ ഭാഗത്തെ അടിയൊഴുക്കും നദിയുടെ അടിത്തട്ടിലെ ചെളിയും തിരച്ചിലിനു വിഘാതമായി.
ബുധനാഴ്ച വൈകിട്ടു ഇള സ്കൂട്ടറിൽ വലിയേല തോട്ടവാരം ഭാഗത്തു അയന്തികടവിൽ വന്ന് ഏറെ നേരം ചെലവഴിച്ചതിന് ദൃക്സാക്ഷികളുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നദിയിൽ ചാടിയിട്ടുണ്ടെന്ന നിഗമനത്തിൽ അധികൃതർ തിരച്ചിൽ ശക്തമാക്കിയത്. ചിറയിൻകീഴ് പൊലീസും സ്ഥലത്തു ക്യാംപ് ചെയ്തുവരുന്നു. കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ലൈജുവാണ് ഭർത്താവ് മക്കൾ. ഭവ്യ ലൈജു(സബ് എൻജിനീയർ, കെഎസ്ഇബി,പാലച്ചിറ, വർക്കല), അദീനലൈജു (പ്ലസ് ടു വിദ്യാർഥിനി).