‘വിള്ളൽ വീഴുന്ന’ കണ്ണാടിപ്പാലത്തിൽ എന്നു കയറാനാവും? സഞ്ചാരികളുടെ കാത്തിരിപ്പ് തുടരുന്നു
Mail This Article
തിരുവനന്തപുരം ∙ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജിൽ കയറാനായി ജനം ഇനിയും കാത്തിരിക്കണം. രണ്ടു തവണ ഉദ്ഘാടനം മാറ്റി വച്ച ബ്രിജ് ഇതു വരെയും തുറന്ന് നൽകിയില്ല. മാസങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിജാണ് അനാഥമായി കിടക്കുന്നത്. ആദ്യം ഫെബ്രുവരിയിലും പിന്നീട് മാർച്ചിലുമാണ് ബ്രിജ് പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ തീരുമാനിച്ചത്. ഇതിനിടയിൽ വർക്കല ഫ്ലോട്ടിങ് ബ്രിജിൽ അപകടം ഉണ്ടായതോടെ തീരുമാനം മാറ്റി. തിരഞ്ഞെടുപ്പ് വിജ്ഞാപനം കൂടി വന്നതോടെ ഗ്ലാസ് ബ്രിജിൽ കയറാനുള്ള ജനത്തിന്റെ കാത്തിരിപ്പ് പിന്നെയും നീണ്ടു.
വർക്കലയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ പരിശോധനകൾക്ക് പൂർത്തിയാക്കി മാത്രം പാലം തുറന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ ഉൾപ്പെടെ പാലം പരിശോധിക്കാൻ നിയോഗിച്ചിരുന്നു. പാലം ഉദ്ഘാടനത്തിന്റെ പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികം വൈകാതെ ഗ്ലാസ് ബ്രിജ് ജനത്തിന് തുറന്ന് നൽകുമെന്നും അധികൃതർ അറിയിച്ചു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ആദ്യത്തെ ഗ്ലാസ് ബ്രിജാണ് വിനോദസഞ്ചാരികളെ കാത്ത് കിടക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിജാണിത്. കൃത്രിമ മഞ്ഞും ചാറ്റൽ മഴയ്ക്കും പുറമേ എൽഇഡി സ്ക്രീനിന്റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും ബ്രിജിൽ ഒരുക്കിയിട്ടുണ്ട്. 75 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റർ നീളമാണുള്ളത്.
ഗ്ലാസ് ബ്രിജിൽ നിന്നുനോക്കിയാൽ സഞ്ചാരികൾക്ക് ആക്കുളം കായലും മനോഹരമായ ഭൂപ്രകൃതിയും കാണാൻ കഴിയും. 2023 മേയ് മാസത്തിൽ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജ് പ്രഖ്യാപനം നടത്തിയത്. വിവിധ കാരണങ്ങളാൽ നിർമാണം വൈകിയിരുന്നു.