കൊടിനട–വഴിമുക്ക് റോഡ് വികസനം: മണ്ണെടുപ്പിൽ ആശങ്ക

Mail This Article
ബാലരാമപുരം∙ കൊടിനട–വഴിമുക്ക് റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ ഇടിച്ചുമാറ്റുന്നതിനിടെ ആഴത്തിൽ മണ്ണെടുത്ത് മാറ്റുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ആക്ഷേപം. മണ്ണെടുപ്പിന് നൽകിയിട്ടുള്ള കരാർ ലംഘിച്ച് തറ നിരപ്പിൽ നിന്ന് 2–3 അടിയോളം താഴ്ത്തി മണ്ണെടുത്ത് കടത്തുന്നതായാണ് പരാതി. വഴിമുക്ക് ഭാഗത്താണ് ഇതു നടക്കുന്നത്. ഇത് രാത്രികാലങ്ങളിൽ അപകടങ്ങൾക്കും മഴക്കാലത്ത് വെള്ളക്കെട്ടിനും കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിലും കെട്ടിടങ്ങൾ ഇടിച്ചുമാറ്റുന്ന പണി പുരോഗമിക്കുകയാണ്.ഇവിടെയും ഇതാവർത്തിച്ചാൽ അപകടങ്ങൾ പതിവാകും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണുകടത്ത് നടക്കുന്നത്. ഇത് പരിശോധിക്കാനോ നിരീക്ഷിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും സ്ഥലത്തില്ല. ബാലരാമപുരത്തുനിന്ന് കാഞ്ഞിരംകുളം, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് തിരിയുന്ന സ്ഥലമാണ് വഴിമുക്ക്. പൊതുവേ തിരക്കേറിയ സ്ഥലവുമാണിവിടം.
ഇവിടെയാണ് തറനിരപ്പിൽ നിന്ന് കുഴിച്ച് മണ്ണെടുത്ത് കടത്തുന്നത്. പകുതിയോളം പേർക്ക് ഇനിയും വില നൽകി സ്ഥലമെടുത്തശേഷമേ നിർമാണ കരാറിലേക്കു സർക്കാർ പോകൂ. അതിനിടെയാണ് തിരക്കു പിടിച്ചു മണ്ണു നീക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത് നിയന്ത്രിക്കാനും പരിശോധിക്കാനും സംവിധാനം ഒരുക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.