ADVERTISEMENT

തൃശൂർ ∙ ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ ഗെയിമായ ‘ഫ്രീഫയർ’ മൊബൈൽ ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലായിരുന്നു കുട്ടിയുടെ പരാക്രമം. മകൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിവരം കണ്ണീരോടെ അമ്മ വിവരിച്ചതോടെ പൊലീസ് സംഘം ശാന്തമായി സംസാരിച്ച് ഒരുവിധം കുട്ടിയെ പുറത്തെത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണു സംഭവം. പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ പഠനാവശ്യത്തിനും മറ്റുമായി വാങ്ങി നൽകിയ മൊബൈൽ ഫോണിൽ മകൻ ഫ്രീഫയർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് ചെയ്തു കളിക്കുന്നതു പതിവാക്കി. മുറിയടച്ചിട്ടു മുഴുവൻ സമയവും ഗെയിം കളിക്കുന്ന രീതിയിലേക്കു മാറിയതോടെ കുട്ടി പഠനത്തിലും പിന്നാക്കമായി.

ഇതോടെ വീട്ടുകാർ ഇടപെട്ടു കൗൺസലിങ്ങിനു വ‍ിധേയനാക്കി. എന്നാൽ, ഏറെനാൾ കഴിയും മുൻപേ കുട്ടി വീണ്ടും ഗെയിമിങ്ങിലേക്കു തിരിഞ്ഞു. ഊണും ഉറക്കവുമില്ലാതെ ഗെയ‍ിമിങ് തുടർന്നതോടെ വീട്ടുകാർ ഫോൺ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്തു. കോപാകുലനായ കുട്ടി അടുക്കളയിൽ നിന്നു മണ്ണെണ്ണയെടുത്തു വീടിനകത്തു മുഴുവൻ ഒഴിച്ച ശേഷം കത്തിക്കാനൊരുങ്ങി. അമ്മ വിവരമറിയിച്ചതനുസരിച്ചു വടക്കാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ കെ.എസ്. സജിത്ത്മോൻ, ഹോം ഗാർ‍ഡ് കെ. സന്തോഷ് എന്നിവർ സ്ഥലത്തെത്തി.

ഇതോടെ കുട്ടി ശുചിമുറിയിൽ കയറി കതക് അടച്ചു. കുട്ടിയോടു ദീർഘനേരം സംസാരിച്ച പൊലീസ് സംഘം, ‘ഗെയിം റിക്കവർ ചെയ്തു നൽകാം’ എന്നു വാഗ്ദാനം ചെയ്തതിനു ശേഷമാണു കുട്ടി പുറത്തിറങ്ങാൻ ത‌യാറായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൗൺസലിങ്ങിനു വിധേയനാക്കി. കുട്ടി സ്വാഭാവിക നിലയിലേക്കു മടങ്ങിയെത്തി. 

പൊലീസ് പറയുന്നു.. 

∙ കുട്ടികൾ മൊബൈൽ ഫോണിൽ ചെയ്യുന്നതെന്തൊക്കെയെന്ന കാര്യം മനസ്സിലാക്കാൻ ശ്രമിക്കുക. 

∙ ഓൺലൈൻ ഗെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക, ഘട്ടംഘട്ടമായി പിന്തിരിപ്പിക്കുക. 

∙ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനു സമയ–സ്ഥല നിയന്ത്രണം പ്രായോഗികമെങ്കിൽ ഏർപ്പെടുത്തുക. 

∙ കുട്ടികളുടെ ശ്രദ്ധ കലാ–കായിക മേഖലകളിലേക്കു തിരിച്ചു വിടുക. 

∙ കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതൊഴിവാക്കി ചേർത്തുനിർത്തുക. 

∙ കുട്ടികൾ കളിക്കുന്ന ഗെയിമുകൾ ഏതെല്ലാമെന്നു രക്ഷിതാക്കൾ അറിഞ്ഞിരിക്കുക. 

∙ മൊബൈൽ അഡിക്‌ഷൻ ഉണ്ടെന്നു തോന്നിയാൽ കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com