ചിറങ്ങര റെയിൽവേ മേൽപാലം ഗർഡറുകൾ സ്ഥാപിച്ചു

Mail This Article
കൊരട്ടി ∙ ചിറങ്ങര റെയിൽവേ മേൽപാലത്തിന്റെ സെൻട്രൽ സ്പാനിന്റെ നിർമാണത്തിനായി 6 ഗർഡറുകൾ സ്ഥാപിച്ചു. കൂറ്റൻ ക്രെയിനുകളുടെയും തൊഴിലാളികളുടെയും സഹായത്തോടെയുമാണ് ഘടിപ്പിച്ചത്. ഇന്നലെ പുലർച്ചെ 4.45 നാരംഭിച്ച ഗർഡർ സ്ഥാപിക്കൽ 6.58നു പൂർത്തിയായി. ട്രെയിൻ ഗതാഗതം നിർത്തി വച്ചും റെയിൽവേയുടെ വൈദ്യുത ലൈൻ ഓഫ് ചെയ്തുമാണു ഗർഡറുകൾ സ്ഥാപിച്ചത്.
റെയിൽവേ നേരിട്ടുള്ള നിയന്ത്രണത്തിലാണു ട്രാക്കിനു മുകളിലെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനായി ഗർഡറുകൾ മാസങ്ങൾക്കു മുൻപേ ഇവിടെ എത്തിച്ചിരുന്നു. ഇന്നലെ ഗർഡറുകൾ സ്ഥാപിച്ച ഭാഗത്തു നിന്ന് ഇതിന്റെ ഇരുവശത്തുമായി നേരത്തേ സ്ഥാപിച്ച നിർമാണവുമായി ബന്ധിപ്പിക്കുന്ന ജോലികൾ വൈകാതെ ആരംഭിക്കുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. പുലർച്ചെ നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎ, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സ്കറിയ, വർഗീസ് പയ്യപ്പിള്ളി എന്നിവർ സ്ഥലത്തെത്തി.
ഡെപ്യൂട്ടി ചീഫ് എൻജിനീയർ (കൺസ്ട്രക്‌ഷൻ) ആസഫ് ഷെബിൻ, റെയിൽവേ അസി. എക്സി. എൻജിനീയർമാരായ ഡി.പത്മജൻ, വി.എസ്.അജി, സീനിയർ സെക്‌ഷൻ എൻജിനീയർമാരായ പ്രബിത്, തോമസ് ജോസ്, എന്നിവർ നിർമാണത്തിനു നേതൃത്വം നൽകി. തമിഴ്നാട്ടിലെ ടൂൾ ഫാബ് കമ്പനിയുടെ നേതൃത്വത്തിലാണു സ്ട്രക്ചറൽ ജോലികൾ നടത്തിയത്. രണ്ടര വർഷം മുൻപ് ആരംഭിച്ച നിർമാണം 4 മാസത്തിനകം പൂർത്തിയാക്കി മേൽപാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കാനാണു ശ്രമം.അപ്രോച്ച് സ്പാൻ, കോൺക്രീറ്റിങ്, ലോഞ്ചിങ്,ടാറിങ്,പാരപ്പറ്റ് വാൾ എന്നീ ജോലികളാണ് ഇനി ശേഷിക്കുന്നത്.