കൊരട്ടി, തിരുമുടിക്കുന്ന്, കോനൂർ മേഖലയിൽ മഴയിലും കാറ്റിലും വ്യാപക നാശം

Mail This Article
കൊരട്ടി ∙ കൊരട്ടി, കോനൂർ, തിരുമുടിക്കുന്ന് മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശം. വീടുകൾക്കും കാറിനും മുകളിലേക്കു മരം വീണു പലയിടത്തും നാശനഷ്ടമുണ്ടായി. കൊരട്ടി ജെടിഎസിനു സമീപം ഗീതാഞ്ജലി റോഡരികിൽ നിന്നിരുന്ന മാവും ജാതിയും വീണു വൈദ്യുതി ലൈനുകൾ പൊട്ടി. വൈദ്യുതി തൂണുകളിൽ ഇരുമ്പു തൂണിൽ ബന്ധിപ്പിച്ചിരുന്ന ഭാഗം പൂർണമായും താഴേക്കു പതിക്കുകയായിരുന്നു. ജെടിഎസ് ജംക്‌ഷനു സമീപം തെങ്ങനാൽ മോഹനന്റെ വീടിനു മുകളിലേക്കു വീണു മേൽക്കൂര തകർന്നു.

പൊയ്യപ്പറമ്പിൽ ഗംഗയുടെ വീടിനു മുകളിൽ അയൽവാസിയുടെ വീടിനു മുകളിലേക്കു മരം വീണു. സിനിമ മേക്കപ്പ് മാൻ പള്ളിപ്പറമ്പിൽ സജിയുടെ (സജി കൊരട്ടി) കാറിനു മുകളിലേക്കു മരം വീണു കാറിനു കേടുപാടുണ്ടായി. സ്‌നേഹനഗറിൽ റീന സാബുവിന്റെ വീടിനു മുകളിലേക്കും മരം വീണു. കപ്പ, ജാതി, വാഴ കൃഷികൾക്കും നാശം സംഭവിച്ചു.തിരുമുടിക്കുന്ന്, മുടപ്പുഴ, പൊങ്ങം ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. മുടപ്പുഴയിൽ തേക്ക്, ജാതി, പ്ലാവ് മരങ്ങൾ കട പുഴകി വീണു.

പൊങ്ങത്തു കനാൽ ബണ്ട് റോഡിലെ കെഎസിഇബിയുടെ വൈദ്യുത പോസ്റ്റ് കനാലിലേയ്ക്കു മറിഞ്ഞു വീണു. രാത്രി വൈകിയും ഈ ഭാഗങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. തിരുമുടിക്കുന്നിൽ അച്ചിനംപാടൻ തോമസിന്റെ വീട്, തെക്കനിയത്ത് പൗലോസ്, ഗാന്ധിനഗറിൽ അയ്യപ്പൻ എന്നിവരുടെ വീടുകൾ മരങ്ങൾ വീണു ഭാഗികമായി തകർന്നു. മരം വീണു തകർന്ന പല വീടുകളും നിർധന കുടുംബങ്ങളുടേതാണെന്നും നാശം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കുമാരി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, പോൾസി ജിയോ എന്നിവർ ആവശ്യപ്പെട്ടു.