ചാലക്കുടി നഗരസഭ: ഗാർഹിക, ബയോമെഡിക്കൽ മാലിന്യം വീടുകളിലെത്തി ശേഖരിക്കും
Mail This Article
ചാലക്കുടി ∙ സംസ്കരിക്കാനും നിർമാർജനം ചെയ്യാനും ജനങ്ങൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന വീടുകളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ വീടുകളിൽ നേരിട്ടെത്തി ശേഖരിക്കുന്ന പദ്ധതിക്കു നഗരസഭാ കൗൺസിൽ അംഗീകാരം നൽകി.സർക്കാരിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷനും ക്ലീൻ കേരള കമ്പനിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരമുള്ള ആക്രി ഇംപാക്റ്റ് എന്ന സ്ഥാപനത്തിനാണു വീടുകളിൽ നിന്നു ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാൻ കൗൺസിൽ അംഗീകാരം നൽകിയത്.
ഡയപ്പറും, സാനിറ്ററി നാപ്കിനും ശേഖരിക്കും
ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, സിറിഞ്ച്, സൂചികൾ, മരുന്നു കുപ്പികൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവയാണ് ഇവർ ശേഖരിച്ച് കൊണ്ടു പോവുക. കിടപ്പുരോഗികളും പ്രായാധിക്യം കൂടുതൽ അവശത അനുഭവിക്കുന്നവരുമായ ആളുകളുള്ള വീടുകളിൽ ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതിക്കു നഗരസഭ നടപടിയെടുത്തത്.
ആക്രി ആപ്പിന്റെ ബയോ മെഡിക്കൽ വിഭാഗത്തിൽ ബുക്ക് ചെയ്യുകയോ 800 890 5089 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്താൽ ബന്ധപ്പെട്ട സ്ഥാപന പ്രതിനിധികൾ ബുക്കിങ് ദിവസങ്ങളിൽ തന്നെ വീടുകളിലെത്തി മാലിന്യം കൊണ്ടുപോകും. ഇതിനായി പ്രത്യേക കവർ നൽകും. മാലിന്യത്തിന് കിലോഗ്രാമിന് 45 രൂപയും ജിഎസ്ടിയും വീട്ടുകാർ നൽകണം. ബിപിഎൽ, അതിദാരിദ്ര്യ വിഭാഗങ്ങളിൽ പെട്ടവർക്ക് ഫീസിൽ ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കും. ഇതിനുള്ള തുക നഗരസഭ പദ്ധതി വഴി വകയിരുത്തും.
കിണർ റീ ചാർജിങ്ങിന് ധനസഹായം
ശുദ്ധജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഴവെള്ളം കിണറുകളിലേക്കു റീചാർജ് ചെയ്യുന്നതിനു നഗരസഭ ധനസഹായം നൽകും. 15,000,12,000 എന്നീ നിരക്കുകളിലാണ് ഇതിന്റെ ജോലി ചെയ്യുക. 55 ലക്ഷം രൂപ ചെലവിൽ 400വീടുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തുന്നതിന് ആർഎച്ച്ആർഡിസി എന്ന ഗവ. അംഗീകൃത സ്ഥാപനത്തിന്റെ ടെൻഡർ കൗൺസിൽ അംഗീകരിച്ചു. മഴക്കാലത്തു മേൽക്കൂരയിലെ മഴവെള്ളം പൈപ്പ് വഴി എത്തിച്ചു ശുദ്ധീകരണത്തിനു ശേഷം കിണറുകളിലേക്കു ശേഖരിക്കുന്നതാണു പദ്ധതി.നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ 10 ജീവനക്കാരെ കൂടി അധികമായി നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിനായി താൽക്കാലികമായി നിയമിച്ചിരുന്ന പരിചയസമ്പന്നരായ 17 പേരെ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിൽ നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചു.
മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും
നഗരസഭയ്ക്കു പുതിയ മൊബൈൽ ഫ്രീസർ വാങ്ങുന്നതിനുള്ള ടെൻഡർ കൗൺസിൽ അംഗീകരിച്ചു. ബെന്നി ബഹനാൻ എംപിയുടെ വികസന ഫണ്ടിൽ നിന്ന് 6.75 ലക്ഷം രൂപ ഉപയോഗിച്ചു 18,12,6 വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു കൗൺസിൽ അംഗീകാരം നൽകി.നിരോധിത മേഖലകളിൽ കച്ചവടം ചെയ്യുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതിനും പുനരധിവാസം സംബന്ധിച്ചു വഴിയോര കച്ചവട പ്രതിനിധികളുമായി ചർച്ച നടത്താനും തീരുമാനിച്ചു. സർക്കാർ നിർദേശപ്രകാരം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിനു നടപടി സ്വീകരിക്കും. മാലിന്യങ്ങൾ പൊതു സ്ഥലത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾ പരിശോധിച്ചു കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.