ഇറിഡിയം തട്ടിപ്പ്: പ്രതികൾക്കെതിരെ മറ്റൊരു വഞ്ചനാക്കേസിലും പരാതി
Mail This Article
ഇരിങ്ങാലക്കുട ∙ ഇറിഡിയം തട്ടിപ്പു കേസിലെ രണ്ട് പ്രതികൾക്കെതിരെ മറ്റൊരു തട്ടിപ്പ് കേസു കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മാപ്രാണം സ്വദേശിയുടെ പരാതിയിലാണ് പെരിഞ്ഞനം സ്വദേശിയായ ഹരിസ്വാമി (ഹരി), ഇരിങ്ങാലക്കുട സ്വദേശി ജിഷ എന്നിവർക്കെതിരെ കേസെടുത്തത്. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന മഠത്തിലെ മരിച്ചുപോയ വ്യക്തിയുടെ പേരിലുള്ള അവകാശികളില്ലാത്ത പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റും അടയ്ക്കാനെന്ന പേരിൽ 2016 ഡിസംബർ മുതൽ 2021 മാർച്ച് വരെ പല തവണകളായാണ് പണം വാങ്ങിയത്.
പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. ഇറിഡിയം തട്ടിപ്പിന് ഇരയായ മാപ്രാണം മാടായിക്കോണം കൊരമ്പിൽ മനോജ് നൽകിയ പരാതിയിൽ മാപ്രാണം പ്രസീത, ജിഷ, ഹരിസ്വാമി എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഹരിസ്വാമി കൊൽക്കത്തയിലെ മഠത്തിന്റെ അധിപതിയാവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം നിർധനരിലേക്ക് എത്തിക്കാൻ ട്രസ്റ്റ് രൂപീകരിക്കുന്നുണ്ടെന്നും അതിലേക്ക് പണം ആവശ്യമാണെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയത്.