ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം; മേൽപാലമോ തുരങ്കപാതയോ വരുമെന്ന പ്രതീക്ഷയിൽ കേരളം

Mail This Article
ബത്തേരി ∙ ദേശീയപാത 766ൽ ഒന്നര പതിറ്റാണ്ടോളമായി നിലനിൽക്കുന്ന രാത്രിയാത്രാ നിരോധനത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നു പ്രതീക്ഷ. കാരണം ബോധിപ്പിക്കുന്ന പക്ഷം അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനയാത്രയ്ക്ക് അനുമതി നൽകുമെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന ഈ സൂചനയാണു നൽകുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ഇളവു നൽകുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും മന്ത്രി നേരിട്ട് പറയുന്നത് ആദ്യമായാണ്.
രാത്രിയാത്രാ നിരോധന മേഖല സന്ദർശിച്ച ശേഷമാണ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 15ന് കേസ് പരഗണിച്ചപ്പോൾ രാത്രിയാത്രാ നിരോധനമുള്ള മേഖലയിലെ തൽസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാകണം സ്ഥലം സന്ദർശിച്ച് മന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. മന്ത്രിയുടെ നിരീക്ഷണം കേരളത്തിന് ഗുണകരമാക്കാനുള്ള നീക്കങ്ങളാണ് ഇനി വേണ്ടതെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. കേരളവും കർണാടകയും തമ്മിൽ മന്ത്രിതലത്തിൽ ചർച്ച നടത്തി മേൽപാലമോ തുരങ്കപാതയോ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി തീരുമാനിച്ച് കോടതിയെ അറിയിച്ചാൽ അംഗീകരിക്കപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്.
ബന്ദിപ്പൂർ, നാഗർഹോള, വയനാട് വനമേഖലകളിലൂടെ പുതിയ പാതകൾ വികസിപ്പിക്കുന്നതിനേക്കാൾ പരിസ്ഥിതി സൗഹൃദമാണ് നിലവിൽ ദേശീയപാത 766 പോകുന്ന സ്ഥലത്തു കൂടി മേൽപാലം നിർമിക്കുന്നത്. തുരങ്കപാതയാണെങ്കിൽ ബത്തേരിക്കടുത്ത് മൂലങ്കാവിൽ നിന്ന് തിരിഞ്ഞു പോകും വിധം നാറ്റ്പാക്കിന്റെ പഠനത്തിൽ കണ്ടെത്തിയ ചിക്കബർഗി വഴിയുള്ള പാതയും പ്രായോഗികമാണ്. അടുത്ത ഘട്ടമായി കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങൾ പോകാൻ അനുവദിക്കണമെന്നും തുടർന്ന് മേൽപാലമോ തുരങ്കപാതയോ നിർമിക്കണമെന്നും ആവശ്യം ഉയരുന്നു.
കേരളവും കർണാടകയും തമ്മിൽ തുടർച്ചയായ ചർച്ചകളാണ് വേണ്ടത്. ഉപരിതല ഗതാഗത മന്ത്രാലയം മേൽപാലത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളം ഫണ്ട് അനുവദിക്കാമെന്നും നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നതും പ്രതീക്ഷയ്ക്കു വകനൽകുന്നു.