കോച്ചിങ് ഇല്ലാതെ 12–ാം റാങ്ക്: ഇക്കൊല്ലം ഇന്ത്യൻ ഇക്കണോമിക് സർവീസിൽ കയറിയ ഏക മലയാളി
Mail This Article
ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ അഭിമുഖത്തിൽ അൽ ജമീല നേരിട്ട ചോദ്യങ്ങൾ.
അര മണിക്കൂറോളം നീണ്ട അഭിമുഖം കഴിഞ്ഞപ്പോൾ താൻ ഏറെ സന്തോഷവതിയായിരുന്നെന്ന് അൽ ജമീല പറയുന്നു. ഫലമെത്തിയപ്പോൾ 12–ാം റാങ്ക്. പട്ടികയിൽ ഇടം പിടിച്ച ഏക മലയാളി. കോട്ടയം നെടുംകുന്നം സ്വദേശിയായ അൽ ജമീല 12-ാം ക്ലാസിനുശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എംഎ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനാണു ചേർന്നത്. അവിടെ 3 വർഷത്തെ ബിരുദപഠനത്തിനുശേഷം ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിലേക്കു ചുവടുമാറ്റി. സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ എംഎ പഠനകാലത്ത് ആദ്യ ശ്രമത്തിൽ തന്നെ ജെആർഎഫ് ഫെലോഷിപ്പും ഗേറ്റും നേടി. 2022ൽ എംഎ പൂർത്തിയാക്കിയതിനു പിന്നാലെ ജെഎൻയുവിൽ തന്നെ പിഎച്ച്ഡിക്കു ചേർന്നു. പിജി കഴിഞ്ഞ സമയത്ത് ഐഇഎസ് പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു പോയിരുന്നെങ്കിലും പിഎച്ച്ഡി പഠനം ആരംഭിച്ചതോടെ ഇതൊഴിവാക്കി. പിഎച്ച്ഡി തിരക്കുകൾ കാരണം പരീക്ഷയും എഴുതിയില്ല.
സ്വയം തയാറെടുപ്പ്
പിഎച്ച്ഡി കോഴ്സ് വർക്കുകളും പ്രാഥമിക റിപ്പോർട്ടുകളും പൂർത്തിയായതോടെയാണ് ഇക്കൊല്ലം ഐഇഎസ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങിയത്. മാർച്ച് മുതൽ സജീവമായ തയാറെടുപ്പ്. ഒപ്പം പിഎച്ച്ഡിയുടെ ജോലികളും. ഏറെ സമ്മർദം നിറഞ്ഞ ദിവസങ്ങളായിരുന്നെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണു അൽ ജമീല. സ്വയംപഠനമായിരുന്നെങ്കിലും പല പരിശീലന സ്ഥാപനങ്ങളുടെയും ടെസ്റ്റ് സീരീസുകൾ പ്രയോജനപ്പെടുത്തിയെന്ന് അൽ ജമീല പറയുന്നു. അഭിമുഖത്തിനു മുൻപു വിശദമായ ബയോഡേറ്റ നൽകിയ ഘട്ടത്തിൽ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബിന്റെ ഉപദേശവും തേടിയിരുന്നു. നെടുമങ്ങാട് ഗവ. കോളജിൽ അധ്യാപകനായ ഡോ. രതീഷ് കൃഷ്ണൻ ഉൾപ്പെടെയുള്ളവർ മോക്ക് ഇന്റർവ്യൂ നൽകി സഹായിച്ചു. ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള കാഞ്ഞിരപ്പള്ളി എംഎൽഎയായ ഡോ. എൻ. ജയരാജും മാർഗനിർദേശങ്ങൾ നൽകി. ജെഎൻയുവിൽ പ്രഫ. സുജോയ് ചക്രവർത്തിയുടെ കീഴിൽ ബിഹേവിയർ ഇക്കണോമിക്സിലാണ് അൽ ജമീല പിഎച്ച്ഡി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുമെന്നു ബയോഡേറ്റയിൽ കുറിച്ചിരുന്നു. ഇക്കാരണത്താലാകും അഭിമുഖത്തിൽ ഏറിയ പങ്കും അത്തരം ചോദ്യങ്ങളായിരുന്നു.
കേരളവും മാറുന്നു
പിഎച്ച്ഡി പ്രോഗ്രാമിൽ ബന്ധപ്പെട്ട വിഷയത്തിലെ അക്കാദമിക വായനയും ചിന്തയുമെല്ലാം ഏറെ പ്രധാനമെങ്കിൽ ഐഇഎസിൽ വിവിധ മേഖലകളിലുള്ള വിശദമായ പഠനം ആവശ്യമാണ്. ഒരു വർഷം ഇടവേളയെടുത്തു പരീക്ഷയ്ക്കു തയാറെടുക്കുന്നതാകും കൂടുതൽ ഉചിതമെന്നാണ് ഐഇഎസ് സ്വപ്നം കാണുന്നവർക്കുള്ള ഉപദേശം. കണക്കിനും ഇക്കണോമെട്രിക്സിനും കൂടുതൽ പ്രാധാന്യം നൽകിയുള്ളതാണ് ജെഎൻയുവിലെയും ഡൽഹി, ഹൈദരാബാദ് സർവകലാശാലകളിലെയും ഇക്കണോമിക്സ് പഠനം. കേരളത്തിലെ സിലബസിലും അടുത്തകാലത്തായി ഇത്തരം മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ദേശീയ പരീക്ഷകൾക്കു തയാറെടുക്കുന്നവർക്ക് ഇതു സഹായകരമാകുമെന്നും അൽ ജമീല വിലയിരുത്തുന്നു.
പഠനം മാത്രമല്ല
സ്കൂൾ തലം മുതൽ പ്രസംഗം, ഡിബേറ്റ് എന്നിവയിലെല്ലാം സജീവമായിരുന്നു അൽ ജമീല. ഡോ. പി.സി. അലക്‌സാണ്ടർ മെമ്മോറിയൽ സംസ്‌ഥാന പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗം ഇംഗ്ലിഷിലും മലയാളത്തിലും സമ്മാനം നേടിയിട്ടുള്ള അൽ ജമീല ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ പ്രസംഗം, മലയാള ഉപന്യാസരചന എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജിഎസ്ടി വകുപ്പിൽ പൊൻകുന്നം ഓഡിറ്റ് ഡിവിഷനിൽ ഡപ്യൂട്ടി കമ്മിഷണറായ അമ്മ സി.എ.അജിത സലാമിന്റെ പിന്തുണയാണ് എല്ലായ്പ്പോഴും കരുത്തേകുന്നതെന്നും അൽ ജമീല പറയുന്നു.
ഐഇഎസ്: പ്രിലിംസ് ഇല്ലാത്ത പരീക്ഷ
സിവിൽ സർവീസസ് മാതൃകയാണു പിന്തുടരുന്നതെങ്കിലും ഐഇഎസ് സർവീസിൽ പ്രിലിമിനറി പരീക്ഷയില്ല. മെയിൻ പരീക്ഷയും തുടർന്ന് ഇന്റർവ്യൂവുമാണുള്ളത്. ഇക്കണോമിക്സ് അപ്ലൈഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നുള്ള പിജിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. 3 ദിവസത്തെ പരീക്ഷയിൽ ആകെ 6 പേപ്പറുകൾ. ജനറൽ ഇംഗ്ലിഷ്, ജനറൽ നോളജ് എന്നിവയാണ് ആദ്യ ദിവസം. രണ്ടും 100 മാർക്ക് വീതം. രണ്ടാം ദിവസം ഇക്കണോമിക്സ് 1,2 പേപ്പറുകൾ. ഇക്കണോമിക്സ് 3, ഇന്ത്യൻ ഇക്കോണമി എന്നിവയാണു മൂന്നാം ദിവസത്തെ പേപ്പറുകൾ. ഇവയെല്ലാം 200 വീതം മാർക്കിൽ. മൈക്രോ ഇക്കണോമിക്സ്, മാക്രോ, പബ്ലിക് ഫിനാൻസ്, ഇന്റർനാഷനൽ ഇക്കണോമിക്സ്, മോണിറ്ററി ഇക്കണോമിക്സ്, ഗ്രോത്ത് ആൻഡ് ഡവലപ്മെന്റ്, ഇക്കണോമെട്രിക്സ്, എൻവയൺമെന്റൽ ഇക്കണോമിക്സ് എന്നിവയെല്ലാം 3 ഇക്കണോമിക്സ് പേപ്പറുകളിലായി ഉൾപ്പെടും.