മഹാത്മാഗാന്ധി കുറിച്ചിട്ട അക്ഷരങ്ങളും യുസിയുടെ മാവാർക്കൈവസും

Mail This Article
മഹാത്മാഗാന്ധി 1925ൽ വൈക്കം സത്യാഗ്രഹത്തിന് കേരള സന്ദർശനം നടത്തിയപ്പോൾ മാർച്ച് 1ന് ആലുവയിലെ യൂസി കോളജ് സന്ദർശിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം നിറവിൽ നിൽക്കുന്ന ചരിത്ര മൂഹൂർത്തത്തിൽ, ഗാന്ധിയുടെ യുസി കോളജ് സന്ദർശനവും ചരിത്രമാവുകയാണ്. ഗാന്ധിയുടെ സന്ദർശനം തന്നെ യുസി കോളേജിന്റെയും, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെയും ഒരു മഹാശിലയായിത്തീർന്നിരിക്കുന്നു. ഈ ചരിത്ര ഓർമ്മയെ വീണ്ടും പുതുക്കിപണിയുന്ന, കോളജിലെ അധ്യാപക-വിദ്യാർത്ഥികളും, സന്ദർശകരും, ചരിത്രത്തോടൊപ്പം കാണുന്ന രണ്ടു സ്മാരകങ്ങളാണ്, യുസിയിലെ ഗാന്ധി നട്ട മാവും, എഴുതിയ സന്ദർശക ഡയറിയിലെ വാക്കുകളും. രണ്ടും ഗാന്ധിയുടെ ചരിത്ര സന്ദർശനത്തെ ഇന്നു ഗവേഷണ വിധേയമാക്കാൻ ചരിത്രകാരന്മാർ കാണേണ്ട ഉപാദാനങ്ങളാണ്. ഇതിൽ എന്തുകൊണ്ടും വ്യത്യസ്തത നിറഞ്ഞ ഉപാധാനമാണ് മാവ്. അതിനേക്കുറിച്ച് ആദ്യം പറയാം.

കച്ചേരി മാളികയിലെ പടിഞ്ഞാറേ അറ്റത്തെ, ചെറിയ ക്ലാസ് മുറിയിൽ നിന്നു നോക്കിയാൽ താഴെ ഓഫീസിനു മുമ്പിലെ മാവു കാണാം. അതേ ക്ലാസിന്റെ മേൽക്കൂരയിലെ ഒരു ഉത്തരത്തിൽ മലർ എന്നെഴുതിയതും കാണാം. പ്രേമം സിനിമയിലെ ഒരു രംഗത്തിനു വേണ്ടി എഴുതിയതാണത് (ഇന്ന് മാഞ്ഞു പോയോ എന്നറിയില്ല). അത് മാഞ്ഞാലും ഇല്ലെങ്കിലും മാവ് ഒരിക്കലും മായാത്ത വലിയ ചരിത്ര മൂഹൂർത്തത്തിന്റെ ജീവനുള്ള ആർക്കൈവ് ആയി മാറിയിരിക്കുന്നു. കൊച്ചിയിലെ എറണാകുളത്തപ്പൻ ക്ഷേത്രത്തിനിപ്പുറത്തുള്ള ആർക്കൈവ്സിൽ നിന്നും വ്യത്യസ്തമായ ആർക്കൈവ്സ്, നിരന്തരം വളരുന്ന ഓർമ്മയുടെ ആർക്കൈവ്സ്! 1925 മുതൽ ഈ മാവ് മലയാളിയുടെ സ്വാതന്ത്ര്യ സമര ഓർമ്മയിലെ ആർക്കൈവ്സ് ആയിത്തുടങ്ങിയതാണ്. പലർക്കും, സ്വാതന്ത്ര്യത്തിനേക്കുറിച്ച് സ്വപ്നം കാണാൻ പ്രചോദനമായ മാവ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, എന്റെ മോൾക്ക് ഈ മാവ് കാണിച്ചു കൊടുത്ത് ഗാന്ധിജി നട്ടതാണെന്നു പറഞ്ഞപ്പോൾ അവൾ ചോദിച്ചത് ഇതിൽ മാങ്ങ ഇല്ലല്ലോ എന്നതാണ്. കൊച്ചുകുട്ടിയുടെ ഒരു ചോദ്യമാണെങ്കിലും ചരിത്രാധ്യാപകനെന്ന നിലയിൽ ഒരു ചരിത്രാധാരത്തിന്റെ വാഖ്യാനത്തിന് എനിക്ക് വഴിത്തിരിവായി മാറിയ ഒരു ചോദ്യമായത്.
ചില സ്മാരകങ്ങളിലൂടെയാണ് ചരിത്ര ഓർമ്മകൾ നിർമിക്കപ്പെടുന്നത്. വീണ്ടും കാണുന്നതിലൂടെ ഈ ഓർമ്മകൾക്ക് ദൃഢതയും, ആധികാരതയും കൂടുതൽ കൈവരും. നൂറുവർഷത്തിനിടയിൽ എത്രയോ പേർ ഈ മാവു കണ്ടിരിക്കും, അതിനേക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞിരിക്കും. ഇതിനടുത്തു നിന്ന് ഫോട്ടോ എടുത്തിരിക്കും. ഒരു തരത്തിൽ ഈ കാഴ്ചയിലൂടെയും, പറച്ചിലിലൂടെയും, ചിത്രത്തിലൂടെയും ഗാന്ധിജിയുടെ യുസി സന്ദർശനം കാലത്തെ അതിജീവിച്ച് സാമൂഹിക ഓർമയിലെ ചരിത്ര തുരുത്തായി മാറുകയാണ്. കച്ചേരിമാളികയിലെ ക്ലാസ് മുറിയിൽ നിന്നും എത്രയോ പേർ നിസ്സഹകരണപ്രസ്ഥാനത്തിന്റെയും, ക്വിറ്റ് ഇന്ത്യാ മുന്നേറ്റത്തിന്റെയും ചരിത്രം കേട്ടിരിക്കും. അതിനു തൊട്ടു താഴെ ഗാന്ധി നട്ട മാവും ഈ ചരിത്ര നിറവിൽ ഊറ്റം കൊണ്ടിരിക്കും. അങ്ങനെ, ഒരു മഹാ ഓർമ്മയുടെ ചരിത്രത്തിന്റെ അംശമായി മാവു മാറി. അതിൽ മാങ്ങയുണ്ടെങ്കിലും, ഇല്ലെങ്കിലും, അഥവാ കായിച്ച മാങ്ങകൾ പൊഴിഞ്ഞു പോയെങ്കിലും, ഒരോ ദിവസവും അതിമേൽ വന്നു പതിച്ച ഓർമ്മകളുടെ ബലം കൂടിക്കൂടി അത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു മാവാർക്കൈവ്സായി മാറി.
ഈ മാവിൽ നിന്നും, പത്തടി നടന്നുകയറിയാൽ, പ്രിൻസിപ്പളിന്റെ ഓഫിസിൽ ഗാന്ധിയുടെ സന്ദേശം അടങ്ങുന്ന സന്ദർശന ഡയറിയുമുണ്ട്. ഇതിൽ ഗാന്ധിജി എഴുതി, ഈ ഉൽകൃഷ്ടമായ മാതൃക കണ്ടിട്ട് എനിക്ക് ഉന്മാദം തോന്നുന്നു (Delighted with the ideal situation). മാവിനൊപ്പം, ഒരു പക്ഷേ, അതിലും കൂടുതൽ ആഘോഷിക്കപ്പെട്ട വാക്കുകളാണവ. പ്രസംഗങ്ങളിലും, കോളേജ് കൈപുസ്തകത്തിലും, ചുമരുകളിലും, മെമന്റോകളിലുമെല്ലാം ഈ വാക്കുകൾ ഓർമ്മയെ പുതുക്കിപ്പണിയുന്നു. മൂപ്പത് ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഗാന്ധി കുറിച്ചിട്ട സന്ദേശത്തിന്റെ രാഷ്ട്രീയ കാമ്പ് എത്ര പേർ അറിഞ്ഞിരിക്കും?

എന്തുകൊണ്ടാണ് ഗാന്ധിജിക്ക് ഉന്മാദം തോന്നിയത്? എന്തായിരുന്നു യു.സി യിലെ ഉൽകൃഷ്ട മാതൃക? ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വൈക്കം സത്യാഗ്രഹത്തിന്റെ രാഷ്ട്രീയ അംശവുമായി ഒട്ടിച്ചേർന്നു നിൽക്കുകയാണ്. 1921ൽ തിരുവിതാംകൂർ മഹാരാജാവ് കൊടുത്ത ഭൂമിയിൽ, അതേ രാജാവിനെതിരെ സമരം ചെയ്യാൻ വന്ന ഗാന്ധിജിയെ ക്ഷണിച്ച യുസി അധകൃതിതരുടെ രാഷ്ട്രീയ നിലപാടിനെ ഗാന്ധിജി മനസ്സിലാക്കി. അധ്യാപകരും, വിദ്യാർഥികളും ഒരുമിച്ച് കലാലയത്തിൽ താമസിച്ച് പഠിക്കുന്ന രീതിയും (ശാന്തിനികേതൻ പോല) അദ്ദേഹത്തെ സന്തോഷിപ്പിച്ചു എന്നതിൽ സംശയമില്ല. ധാരാളം വൻ വൃക്ഷങ്ങളുള്ള പെരിയാറിന്റെ തീരത്തുള്ള കലാലയത്തിന് ഇന്ത്യയുടെ ചരിത്രത്തിലെ സാമൂഹിക മാറ്റത്തിന് ചാലകശക്തിയായി മാറുവാനുള്ള ഇടമുണ്ടെന്ന് അദ്ദേഹം ഗ്രഹിച്ചിരുന്നു. അതുകൊണ്ട്, മുപ്പത് ഇംഗ്ലിഷ് അക്ഷരങ്ങളിൽ അദ്ദേഹം കുറിച്ചത് ഭാവിയിലേക്കു വഴി തുറക്കുന്ന ആർക്കൈവ്സായി മാറി. 1925ൽ ഗാന്ധിജി എഴുതിയ വാക്കുകൾ യുസി കോളേജിന്റെ ചരിത്രത്തെ ഇന്നോളം പുൽകി പുണർന്നു നിന്ന ഓർമ തുരത്തായി മാറി.
ഈ ചരിത്രമാണ് യുസി കോളേജിന്റെ യഥാർഥ ഓട്ടോണോമി. ഓട്ടോണോമസ് കോളേജായി മാറുമ്പോഴും,1921ൽ മുതൽ യുസി കാത്തുസൂക്ഷച്ച സമഗ്രാധികാര വ്യവസ്ഥകളോടുള്ള പ്രതിഷേധവും സാമൂഹിക നീതിബോധവും ഉൾക്കൊള്ളലും മതിനിരപേക്ഷതയും ജാതിമത ഭേദമില്ലാതെ ഏല്ലാവരെയും സ്വീകരിക്കുന്ന ചാപ്പലും, രാവും പകലും സജീവ ചർച്ചകൾ നടക്കുന്ന കോളേജ് കാന്റീനുമൊക്കെ ഗാന്ധിജി കുറിച്ചിട്ട അക്ഷരങ്ങൾക്കു വീണ്ടും ബലം കൊടുക്കുന്ന കാരണങ്ങളാണ്. ഒറ്റ നോട്ടത്തിൽ 1925ൽ നിന്നും 2025ലെത്തിയ, എന്നും പ്രചോദനത്തിന്റെ പ്രകാശം പരത്തുന്ന ആർക്കൈവ്സ്തതയി മാറുകയാണ് ഗാന്ധിജി കുറിച്ച അക്ഷരങ്ങളും, നട്ടമാവിൻ തൈയും: ഗാന്ധി മാവാർക്കൈവ്സ് ! കോളേജിന്റെ ബോട്ടണി വിഭാഗം തുടങ്ങിയ ഗാന്ധി മാവിന്റെ ഗ്രാഫ്റ്റിംഗ് വിജയിച്ചാൽ, അത് ഗ്രാഫ്റ്റഡ് ആർക്കൈവ്സിന്റെ ഗാന്ധി എഡിഷനുകളായിത്തീരും. ‘അപകട സമയങ്ങളിൽ കൈയ്യെത്തിപ്പിടിക്കേണ്ട മിന്നിക്കൊണ്ടിരിക്കുന്ന ഓർമ്മകളാണ് ചരിത്രമെന്ന’,വാൾട്ടർ ബന്യാമിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതു പോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടവൽക്കരണത്തിന്റെയും, മൂല്യ തകർച്ചകളുടെയും കാലഘട്ടത്തിൽ, ഈ ഗാന്ധിയൻ ആർക്കൈവ്സിനെ കൈയ്യെത്തി പിടിക്കേണ്ടതുണ്ട്.
(ലേഖകൻ കോട്ടയം ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് – പാരിസ്ഥിതിക ചരിത്ര വിഭാഗം വകുപ്പ് മേധാവിയാണ്. അഭിപ്രായം വക്തിപരം)