വിജയശതമാനത്തിൽ വീണ്ടും കണ്ണൂരിന്റെ ആധിപത്യം; എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ ഇത്തവണയും മലപ്പുറം

Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ വീണ്ടും കണ്ണൂരിന്റെ ആധിപത്യം. ജില്ലയിൽ പരീക്ഷയെഴുതിയ 99.94% വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. എറണാകുളവും (99.92) ആലപ്പുഴയുമാണ് (99.9) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷവും (99.77) അതിനു മുൻപുള്ള വർഷവും (99.85) കണ്ണൂർ തന്നെയായിരുന്നു വിജയശതമാനത്തിൽ മുന്നിൽ.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ (77,967) പരീക്ഷയെഴുതിയ മലപ്പുറം 99.82% വിജയം നേടി. ഏറ്റവും കുറവ് കുട്ടികൾ (10,213) പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയുടെ വിജയശതമാനം 99.81.
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ ഇത്തവണയും മലപ്പുറം ജില്ലയാണു മുന്നിൽ– 11,876. രണ്ടാം സ്ഥാനം കോഴിക്കോടിന്– 7,917. സംസ്ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയവർ 1,04,777.
100% വിജയം നേടിയ സ്കൂളുകളുടെ എണ്ണം വർധിച്ചു – 2581 (സർക്കാർ – 951, എയ്ഡഡ് – 1191, അൺ എയ്ഡഡ് – 439). കഴിഞ്ഞ തവണ 2134 ആയിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ പുതിയ സ്കീമിലുള്ള 150 പേരിൽ 100 പേരും പഴയ സ്കീമിലെ 45 പേരിൽ 29 പേരും ഉപരിപഠന യോഗ്യത നേടി. ടിഎച്ച്എസ്എൽസി പരീക്ഷ എഴുതിയ 2914 പേരിൽ 2913 പേർ ഉപരിപഠന യോഗ്യത നേടി. വിജയം 99.9%. 288 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്എസ് എൽസി (എച്ച്ഐ) വിജയശതമാനം 99.55% ആണ്. 227 പേരിൽ 226 പേർ യോഗ്യത നേടി. 37 പേർ എ പ്ലസ് നേടി. ടിഎച്ച്എസ്എൽസി (എച്ച്ഐ) പരീക്ഷയിൽ 100% വിജയം. 13 പേരും ജയിച്ചു. കലാ വിഭാഗത്തിൽ (എഎച്ച്എസ്എൽസി) ചെറുതുരുത്തി കലാമണ്ഡലം സ്കൂളിൽനിന്നു പരീക്ഷ എഴുതിയ 60 പേരിൽ 53 പേർ ജയിച്ചു. 88.33% വിജയം.