ഇന്നോവയോട് മത്സരിക്കാൻ എത്തുമോ ബെർലിങ്കോ, ഇപ്പോൾ ഇലക്ട്രിക് പതിപ്പും

Mail This Article
ടൊയോട്ട ഇന്നോവയും മഹീന്ദ്ര മരാസോയും മാരുതി സുസുക്കി എർട്ടിഗയും റെനോ ട്രൈബറും പരസ്പരം കൊമ്പുകോർക്കുന്ന ഇന്ത്യൻ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ വിപണിയിലേക്ക് അടുത്ത വർഷം എങ്കിലും അവതരിക്കും എന്നു പ്രതീക്ഷിക്കുന്ന വാഹനമാണ് സിട്രണ്‍ ബെർലിങ്കോ. നാലു പേരോടു പറയാൻ അഭിമാനം തോന്നിക്കുന്ന പേരിനൊപ്പം മികച്ച ഉപയോഗക്ഷമതയും ബെർലിങ്കോയെ രാജ്യാന്തര വിപണിയിൽ എംയുവികളിലെ സ്റ്റാർ ആക്കുന്നു.

ഇപ്പോൾ സ്റ്റെലന്റിസ് ഗ്രൂപ്പിന്റെ ഭാഗമായ ഫ്രാൻസിലെ സിട്രണ്‍ ഇന്ത്യയിൽ ബെർലിങ്കോയുടെ പരീക്ഷണ ഓട്ടം (ടർബോ പെട്രോൾ മോഡൽ) നടത്തുന്നുണ്ടായിരുന്നു, കുറച്ചുകാലം മുൻപു വരെ. ഇന്ത്യൻ നിരത്തിലെത്തുമ്പോൾ ഉയർന്ന നിർമാണനിലവാരത്തിനൊപ്പം ഇന്നോവയോട് അടുപ്പിച്ചു വിലയും (20 മുതൽ 30 ലക്ഷം രൂപ വരെ) പ്രതീക്ഷിക്കാം ബെർലിങ്കോയ്ക്ക്. രാജ്യാന്തര വിപണിയിൽ യാത്രാ – ചരക്ക് രൂപഭേദങ്ങളിൽ ബെർലിങ്കോ ലഭ്യമാണ്. ഇന്ത്യയിൽ രണ്ടും വരുമോ എന്നു സിട്രൻ മനസ്സു തുറന്നിട്ടില്ല.

ഇപ്പോൾ ബെർലിങ്കോ പെട്ടെന്നു ചർച്ചാ വിഷയം ആകുന്നത് അതിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറങ്ങിയതോടെയാണ്. യുകെ വിപണിയിലാണ് സിട്രണ്‍ ഇ ബെർലിങ്കോ പുറത്തിറക്കിയിരിക്കുന്നത്. 30 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയാണ് (29000 പൗണ്ട് മുതൽ 32000 പൗണ്ട് വരെ) ഇ ബെർലിങ്കോയുടെ വിവിധ വകഭേദങ്ങളുടെ യുകെ വില. ബെർലിങ്കോയുടെ യാത്രാവാഹന ശ്രേണിയാണു സിട്രണ്‍ ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് ആക്കിയിരിക്കുന്നത്. ബെർലിങ്കോയുടെ 5 സീറ്റ്, 7 സീറ്റ് വകഭേദങ്ങൾ പ്രത്യേകമായി തന്നെയാണു വിൽപനയ്ക്കുള്ളത്. ഇലക്ട്രിക് വാഹനത്തിനും അതങ്ങനെ തന്നെ.

നിലവിൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിനുകളിൽ ഒരുപോലെ ലഭ്യമായ വിരലിൽ എണ്ണാവുന്ന എംയുവികളിൽ ഒന്നാണ് ഈ ഫ്രഞ്ച് സുന്ദരി. ഒരിക്കൽ ചാർജ് ചെയ്താൽ 280 കിലോമീറ്റർ പൂർത്തിയാക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ ബെർലിങ്കോയ്ക്കുള്ളത്. ഫാസ്റ്റ് ചാർജിങ്ങിൽ അര മണിക്കൂറിൽ താഴെ സമയം കൊണ്ട് 80 ശതമാനം ചാർജ് ആകുന്ന സംവിധാനവും ഇതിലുണ്ട്. വീട്ടിലെ പ്ലഗ്പോയിന്റിൽ നിന്ന് 8 മണിക്കൂർ കൊണ്ടു ഫുൾ ചാർജ് ആകും. ത്രീ ഫേസ് കണക്‌ഷനിൽ 4 മണിക്കൂർ കൊണ്ടു ചാർജ് ഫുൾ ആക്കാനുള്ള സംവിധാനവും ഉപഭോക്താക്കൾക്കു തിരഞ്ഞെടുക്കാമെന്നും സിട്രൻ വ്യക്തമാക്കിയിട്ടുണ്ട്. ബാറ്ററി ചാർജ് സമർഥമായി ഉപയോഗിക്കാൻ ഇക്കോ, നോർമൽ, പവർ എന്നീ ഡ്രൈവ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിൽ നൽകിയിട്ടുണ്ട്. 136 ബിഎച്ച്പി ആണു ഇലക്ട്രിക് ബെർലിങ്കോയുടെ കരുത്ത്. 260 ന്യൂട്ടൻമീറ്റർ ആണു കുതിപ്പുശേഷി.

പിന്നിലേക്കു ബോക്സി രൂപം ആണെങ്കിലും കാറിന്റേതിനു സമാനമായ മുൻവശം ബെർലിങ്കോയുടെ ഡിസൈൻ മികവായാണു വിലയിരുത്തപ്പെടുന്നത്. ഒപ്പം അത്യുഗ്രൻ ബോഡി ഗ്രാഫിക്സും 17 ഇഞ്ച് അലോയ് വീലുകളും ഉയർന്ന നിലവാരമുള്ള ഉൾവശവും വലിയ ടച്ച് സ്ക്രീൻ സംവിധാനവും ആംബിയന്റ് ലൈറ്റിങ്ങും എല്ലാം ഫുൾ ഓപ്ഷൻ ബെർലിങ്കോയിലുണ്ടാകും. സംഗതി ‘പോഷ്’ തന്നെ...

എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റോടു കൂടിയ പ്രത്യേകം ബക്കറ്റ് സീറ്റുകളും മികച്ച സൗണ്ട് സിസ്റ്റവും ക്രൂസ് കൺട്രോളും പാർക്കിങ് സെൻസറുകളും ആക്ടീവ് സേഫ്റ്റി ബ്രേക്കിങ്ങും (അപകടം നടക്കാൻ സാധ്യതയുണ്ടെന്നു തോന്നുമ്പോൾ വാഹനം തന്നെ ബ്രേക്ക് ചെയ്യുന്ന സംവിധാനം) ഹെഡ്സ് അപ് ഡിസ്പ്ലേയും എബിഎസും ഇബിഡിയും എയർബാഗും അടക്കം സുരക്ഷയുടെ കാര്യത്തിലും ‘ഫുൾ പാക്ക്ഡ്’ ആയാണ് യുകെ വിപണിയിലേക്ക് ഇ ബെർലിങ്കോ എത്തുന്നത്. മൈ സിട്രണ്‍ ആപ്പിലൂടെ ദൂരത്തു നിന്നു വാഹനത്തിലെ പല കാര്യങ്ങളും നിയന്ത്രിക്കാനും സൗകര്യമുണ്ടായിരിക്കും.

വില കൂടുതലായതിനാൽ ഉടനെയെങ്ങും ഇന്ത്യയിൽ ഇ ബെർലിങ്കോ എത്താൻ സാധ്യതയില്ല. എങ്കിലും, ഇന്ത്യയിലെത്തുന്ന ബെർലിങ്കോയിൽ (പെട്രോൾ അല്ലെങ്കിൽ ഡീസൽ) സെഗ്മെന്റ് ലീഡർ ആയ ഇന്നോവയെക്കാൾ കൂടുതൽ ഫീച്ചറുകൾ സിട്രൻ നിറയ്ക്കുമെന്ന കാര്യത്തിൽ ഇനി സംശയം ഉണ്ടാകുമെന്നു തോന്നുന്നില്ല.
English Summay: Citroen Berlingo Electric Model Launched