ADVERTISEMENT

കേരളാപൊലീസിന്റെ പുതിയ ഗൂർഖ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.

kerala-police-gurkha-9
Kerala Police Force Gurkha

നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ്  വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. മുമ്പ് മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങൾ പൊലീസിന്റെ ആവശ്യങ്ങൾക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്സിന്റെ ഗൂർഖ 4x4 വാഹനങ്ങൾ‍ വാങ്ങുന്നത്.

kerala-police-gurkha-7g

കരുത്തൻ ഗൂർഖ

ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗൂർഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വർഷം അവസാനമാണ്. മെഴ്സിഡീസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത്. ‍ഉരുണ്ട എൽഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇൻഡിക്കേറ്ററും ബമ്പറും ഗൂർഖയിൽ ജി വാഗൻ രൂപഗുണം വാരി വിതറുന്നുണ്ട്. പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്ബോർഡ്.

kerala-police-gurkha-5

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാ നിയമങ്ങൾക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിക്കാനാണ്. 2400 മി.മി. എന്ന പഴയ വീൽ ബേസ് തന്നെ. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്, ടച്ച് സ്ക്രീൻ സ്റ്റീരിയോ, മികച്ച എസി, കാറുകളോടു കിട പിടിക്കും ഉൾവശം എന്നിവ പുതിയ ഗൂർഖയിലുണ്ട്. 

kerala-police-gurkha-8

പുറത്തേക്ക് ഉയർന്നു നിൽക്കുന്ന സ്നോർക്കൽ‌ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. എപ്പോൾ വേണമെങ്കിലും ബോണറ്റ് ഉയരത്തിൽ വെള്ളത്തിലൂടെ ഓടാൻ ഈ സ്നോർക്കൽ തുണയാകും. ‍2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കരുത്ത് 91 ബി എച്ച് പിയും ടോർക്ക് 250 എൻ എമ്മും.  മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്. ഓഫ് റോഡുകൾക്കായി ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറൻഷ്യൽ ലോക്ക് എന്നിവയുണ്ട്. 

English Summary: Kerala Police Department adds Force Gurkha SUVs to its Fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com