ക്ഷമയോടെ കാത്തിരുന്ന് ഷെഫ് പിള്ള ആദ്യ കാർ സ്വന്തമാക്കി; എസ് ക്ലാസ് ബെൻസ്!
Mail This Article
കൊച്ചി: വാഹനം വാങ്ങുന്നെങ്കിൽ അത് സ്വപ്നതുല്യമായൊരു വാഹനമായിരിക്കണം എന്ന നിലപാടിലാണ് ഷെഫ് സുരേഷ് പിള്ള. സൈക്കിൾ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങുന്ന വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ്.
43 വർഷത്തെ ജീവിതത്തിൽ ഒരു വാഹനം പോലും സ്വന്തമായി വാങ്ങാതെ ആദ്യം വാങ്ങിയ വാഹനം ലോകത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, വിൽക്കപ്പെടുന്ന രണ്ട് കോടിയോളം രൂപ വില വരുന്ന ലക്ഷ്വറി സെഡാൻ. പലതരം വാഹനങ്ങൾ കൈകാര്യം ചെയ്ത് ഇരുത്തം വന്ന ഒരാൾ വളരെക്കാലത്തെ ആഗ്രഹത്തിനു ശേഷം വാങ്ങാൻ മോഹിക്കുന്ന ഒന്നായിരിക്കും മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ്. ‘‘ഇതുവരെ ഒരിക്കൽ പോലും ഒരു കാർ ആഗ്രഹിച്ചിട്ടില്ല. ലണ്ടനിലെ ജോലി സമയത്ത് അവിടൊരു പ്രീമിയം കാർ വളരെ നിസാരമായി വാങ്ങാവുന്നതായിരുന്നു. പക്ഷേ, സ്വന്തമായൊരു വാഹനം ഒരിക്കലും എനിക്കൊരു ആവശ്യമോ ഭ്രമമോ ആയിരുന്നില്ല. ക്ഷമാപൂർവം കാത്തിരുന്നതിന്റെ ഫലമാണീ കാർ ഷെഫ് സുരേഷ് പിള്ള പറയുന്നു.
മാരിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ ‘റസ്റ്ററന്റ് ഷെഫ് പിള്ള’ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എത്തിയപ്പോഴാണ് അതേ സമയം തന്നെ , റസ്റ്ററന്റിലിരുന്നാൽ കാണാവുന്നത്ര അടുത്ത് മെഴ്സീഡസ് ബെൻസിന്റെ ഷോറൂം കോസ്റ്റൽ സ്റ്റാർ ആരംഭിക്കുന്നത്. വളരെ യാദൃഛ്ചികമായാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ‘എസ് ക്ലാസ്’ മോഡൽ കാണാന്നതും ഉടമ തോമസ് അലക്സിനെ പരിചയപ്പെടുന്നതും അതേ കാർ തന്നെ വാങ്ങാൻ തീരുമാനിക്കുന്നതും. ബെൻസിന്റെ നാഷനൽ സെയിൽസ് ഹെഡ് ആയിരുന്ന തോമസ് അലക്സ് ജോലി രാജിവച്ചാണ് ഡീലർഷിപ്പ് ആരംഭിച്ചത്. ലോകത്ത് എണ്ണായിരത്തോളം ഹോട്ടലുകളുള്ള മാരിയറ്റ് ഗ്രൂപ്പ് ആദ്യമായാണ് ഒരു ഇന്ത്യൻ ഷെഫിന്റെ റസ്റ്ററന്റ് അവർക്കൊപ്പം ഇടം കൊടുക്കുന്നത്.
എന്തുകൊണ്ട് എസ് ക്ലാസ്?
ലോകത്തെ മികച്ച കാർ എന്ന് ഓട്ടോ ജേണലുകളിലൊക്കെ വരുന്ന വാഹന പ്രേമികളുടെ സ്വപ്ന വാഹനമാണ് എസ് ക്ലാസ് ബെൻസ്. വളരെ സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാൾ അത് സ്വന്തമാക്കുന്നതിന്റെ അപൂർവതയും ഇതിനുണ്ട്. ഒരു കാർ വാങ്ങാൻ ആഗ്രഹിച്ചിട്ട് പല കാരണങ്ങളാൽ സാധിക്കാതെ പോയാലും നിരാശപ്പെടരുത്. ക്ഷമ കൈവിടാതെ പ്രതീക്ഷാപൂർവം കാത്തിരിക്കണം. നേട്ടങ്ങൾ നിശ്ചയമായും നമ്മളെ തേടിയെത്തും. ജീവിതത്തിൽ ഒന്നും നേടിയില്ല എന്ന തോന്നൽ ഉള്ളവർ ഒരിക്കലും മനസു മടുത്ത് നിരാശരാവരുത്. ഒരിക്കലും ഒരു കാർ വാങ്ങുന്നതിനെ കുറിച്ച് ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെയാണ് ഡ്രൈവിങ് പഠിച്ചത് തന്നെ.
വാഹനങ്ങൾ ചീറിപ്പായുന്ന 6 വരി ദേശീയ പാതയിലോ കൊച്ചിയിലെ ഗതാഗതക്കുരുക്കിലോ ഒരു കറുത്ത എസ് ക്ലാസ് പതിയെ പോകുന്നത് നിങ്ങൾക്കൊരു തടസമായാൽ നിർത്താതെ ഹോണടിച്ച് പേടിപ്പിക്കരുതേ.. അകത്തൊരു തുടക്കക്കാരനാണുള്ളത്.
English Summary: Chef Pillai Bought Mercedes Benz S Class