ADVERTISEMENT

കിയ ഉടൻ വിപണിയിലെത്തിക്കുന്ന നാലു മീറ്ററിനുള്ളില്‍ വലിപ്പമുള്ള കോംപാക്ട് എസ്‌യുവി ക്ലാവിസ് എന്നായിരിക്കുമെന്ന് റിപ്പോർട്ടുകൾ. എവൈ എന്ന കോഡു നാമത്തിൽ വികസിപ്പിച്ച എസ്‍യുവിയാണ് ക്ലാവിസ് എന്ന പേരിൽ അറിയപ്പെടുക. സോണറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും ക്ലാവിസിനെ കിയ അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന കിയ ക്ലാവിസ് 2025 തുടക്കത്തിലായിരിക്കും ഇന്ത്യന്‍ റോഡുകളിലിറങ്ങുക. 

സമ്പന്നമായ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ് കിയ ക്ലാവിസിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പരമ്പരാഗത ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍(ICE), വൈദ്യുത വാഹനങ്ങള്‍ എന്നിവക്കൊപ്പം കംപല്‍ഷന്‍ എന്‍ജിനുകള്‍ക്കൊപ്പം ചേര്‍ന്നുള്ള ഹൈബ്രിഡ് മോഡലുകളും കിയ ക്ലാവിസില്‍ പ്രതീക്ഷിക്കാം. ഐ സി ഇ മോഡലുകളും ഇ വികളും ഒരേ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക. അടുത്തിടെ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ ടെല്യൂറൈഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനായിരിക്കും ക്ലാവിസിന്. നെക്‌സോണ്‍.ഇവി പിടിച്ച മാര്‍ക്കറ്റാണ് കിയ ക്ലാവിസ് ഇ വിയും ലക്ഷ്യം വെക്കുന്നത്. 

വലിയ പദ്ധതികളുമായാണ് കിയ ഇന്ത്യ ക്ലാവിസിനേയും കൊണ്ടു വരുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം കിയ ക്ലാവിസിനെ വരെ നിര്‍മിക്കാനുള്ള ശേഷി കിയക്കുണ്ട്. ഇതില്‍ 80 ശതമാനവും ഐ സി ഇ എന്‍ജിനുകളാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ക്ലാവിസ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. 

ലൈഫ് സ്റ്റൈല്‍ വാഹനമായാണ് ക്ലാവിസിനെ കിയ അവതരിപ്പിക്കുന്നത്. ബോക്‌സി ഡിസൈനും എസ് യു വി സവിശേഷതകളുമുണ്ടെങ്കിലും ഫോര്‍ വീല്‍ ഡ്രൈവ് ക്ലാവിസിലില്ലെന്നാണ് സൂചന. എസ് യു വിയുടെ കരുത്തു തേടി വരുന്നവര്‍ക്ക് ഇത് നിരാശ നല്‍കുമെങ്കിലും ഫ്രണ്ട് വീല്‍ ഡ്രൈവുള്ള താങ്ങാവുന്ന വിലയിലുള്ള വാഹനം തേടി വരുന്നവര്‍ ക്ലാവിസില്‍ ഉടക്കിയേക്കും. 

കിയയുടെ മാതൃ കമ്പനിയായ ഹ്യുണ്ടേയ് ജനപ്രിയ ബജറ്റ് കാറുകളുമായാണ് ഇന്ത്യന്‍ വിപണി പിടിച്ചത്. കൂടുതല്‍ കരുത്തും വലിപ്പവുമുള്ള വാഹനങ്ങളുമായാണ് കിയ ഇന്ത്യക്കാരുടെ മനം കവര്‍ന്നത്. 2024ല്‍ ക്ലാവിസ് മാത്രമല്ല വേറെയും പദ്ധതികളുണ്ട് കിയക്ക്. വൈദ്യുത മോഡലായ ഇവി9, കാര്‍ണിവെല്‍ എംപിവി എന്നിവയും കൂടി എത്തുന്നതോടെ ഇന്ത്യയില്‍ കിയ വാഹനങ്ങളുടെ വൈവിധ്യം വര്‍ധിക്കും. ഇക്കൂട്ടത്തിലേക്കാണ് ക്ലാവിസും ഒരുങ്ങുന്നത്. 

English Summary:

Auto News, New Kia compact SUV to be named Clavis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com