ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
Mail This Article
സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സെൽറ്റോസിന്റെ പുതിയ മോഡൽ കിയ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി (ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ) മോഡലും ടോര്‍ക്ക് കൺവേർട്ടർ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്.
അഞ്ച് മോഡലുകളിൽ വിപണിയിലെത്തിയ പുതിയ സെൽറ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റർ ഡീസൽ മോഡലിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവലിനെ കൂടാതെ ഐഎംടി, ആറു സ്പീഡ് ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.
ഡീസൽ എൻജിൻ കൂടാതെ 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ മോഡലുകളിലും സെൽറ്റോസ് വിപണിയിലുണ്ട്. കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. എസ്‌യുവികൾക്ക് ചേർന്ന മസ്കുലാർ ഗ്രിൽ, മനോഹരമായ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവ പുതിയ സെൽറ്റോസിലുണ്ട്.
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക സംവിധാനവും സെൽറ്റോസിലെത്തുന്നുണ്ട്. 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണുള്ളത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമാണ്.
1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന്റെ കരുത്ത് 160 ബിഎച്ച്പിയും ടോർക്ക് 253 എൻഎം ആണ്. ആറു സ്പീഡ് ഐഎംടി, ഡിസിറ്റി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ഡീസൽ പതിപ്പിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ആറ് സ്പീഡ് മാനുവൽ, ഐഎംടി, ആറു സ്പീഡ് ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.