ടിയാഗൊയ്ക്കു പുതിയ ഓട്ടമാറ്റിക് പതിപ്പ്; വില 5.99 ലക്ഷം
Mail This Article
ജനപ്രിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പുത്തൻ പതിപ്പുമായി ടാറ്റ മോട്ടോഴ്സ്; ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘ടിയാഗൊ എക്സ് ടി എ’യ്ക്ക് 5.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇതോടെ ‘എ എം ടി’ ശ്രേണിയിൽ ലഭ്യമായ മോഡലുകളുടെ എണ്ണം നാലായി ഉയർന്നെന്നും കമ്പനി വ്യക്തമാക്കുന്നു.
അഞ്ചു വർഷം മുമ്പായിരുന്നു ‘ടിയാഗൊ’യുടെ അരങ്ങേറ്റം. തുടർന്ന് 2020ൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ‘ടിയാഗൊ’ വിപണിയിലെത്തി. കാഴ്ചയിലും ചില്ലറ വ്യത്യാസങ്ങളുമായി, മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം വിൽപ്പനയ്ക്കെത്തിയ ‘ടിയാഗൊ 2020’ കാറിനു കരുത്തേകിയിരുന്നത് 1.2 ലീറ്റർ, റെവോട്രോൺ, ബി എസ് ആറ് പെട്രോൾ എൻജിനാണ്. ജി എൻ സി എ പി ക്രാഷ് ടെസ്റ്റിൽ ചതുർ നക്ഷത്ര റേറ്റിങ് നേടിയും ‘ടിയാഗൊ’ സുരക്ഷാ വിഭാഗത്തിൽ മികവു കാട്ടി. ഹർമാന്റെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 15 ഇഞ്ച് അലോയ് വീൽ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമായാണു ‘ടിയാഗൊ’യുടെ വരവ്.
എക്കാലവും പുതുമ കാത്തു സൂക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കാനാണു വിപണിയിൽ നിന്നുള്ള പ്രതികരണം മുൻനിർത്തി ‘ടിയാഗൊ’യുടെ പുതിയ പതിപ്പ് പുറത്തിറക്കിയതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്(പി വി ബി യു) വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളോട് ഇന്ത്യൻ കാർ വിപണിക്ക് ആഭിമുഖ്യമേറുകയാണ്. ‘ടിയാഗൊ’ വിൽപ്പനയിലും ഇത്തരം മോഡലുകളോടുള്ള താൽപര്യം പ്രകടമാണെന്നു ശ്രീവത്സ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണു പുതിയ ‘ടിയാഗൊ എക്സ് ടി എ’ പതിപ്പ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നവീകരിച്ച മോഡലിന്റെ വാർഷികാഘോഷം പ്രമാണിച്ചു ജനുവരിയിൽ ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’യുടെ പരിമിതകാല പതിപ്പ് അവതിപ്പിച്ചിരുന്നു; 5.79 ലക്ഷം രൂപയായിരുന്നു കാറിന്റെ ഡൽഹി ഷോറൂമിലെ വില.
‘ടിയാഗൊ’യുടെ ‘എക്സ് ടി’ വകഭേദം അടിത്തറയാക്കിയാണു ടാറ്റ മോട്ടോഴ്സ് ഈ പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്; മാനുവൽ ട്രാൻസ്മിഷനോടെ എത്തുന്ന കാർ ഫ്ളെയിം റെഡ്, പേളെസെന്റ് വൈറ്റ്, ഡേടൊണ ഗ്രേ നിറങ്ങളിലാണു വിൽപ്പനയ്ക്കെത്തിയത്. പുതിയ 14 ഇഞ്ച് ബ്ലാക്ക് അലോയ് വീൽ, നാവിമാപ്സ് വഴിയുള്ള ത്രിമാന നാവിഗേഷൻ സഹിതം അഞ്ച് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിസ്പ്ലേയോടെ റിവേഴ്സ് പാർക്കിങ് സെൻസർ, വോയ്സ് കമാൻഡ് റക്കഗ്നീഷൻ, വിഡിയൊ പ്ലേ ബായ്ക്ക്, പിന്നിൽ പാഴ്സൽ ഷെൽഫ് എന്നിവയും കാറിലുണ്ടായിരുന്നു.
പുത്തൻ രൂപകൽപ്പനാ ശൈലിയായ ‘ഇംപാക്ടി’ൽ അധിഷ്ഠിതമായി ടാറ്റ മോട്ടോഴ്സ് വിൽപ്പനയ്ക്കെത്തിച്ച ആദ്യ മോഡലായ ‘ടിയാഗൊ’ ഇതുവരെ മൊത്തം 3.25 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണു കൈവരിച്ചത്. കഴിഞ്ഞ വർഷമാണു ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ‘ടിയാഗൊ’ ഉൽപ്പാദനം മൂന്നു ലക്ഷം യൂണിറ്റ് പൂർത്തിയാക്കിയത്.
English Summary: New Tata Tiago XTA variant launched in India