വിദഗ്ദ്ധ സംഘം പരാജയപ്പെട്ടു; മൂർഖനെ പിടികൂടാനായില്ല, പുതിയ വഴിയുമായി പൊലീസ്

Mail This Article
ബർലിൻ∙ ജർമനിയിലെ ഹേർണെ നഗരത്തിൽ കഴിഞ്ഞ നാല് ദിവസമായി ഒളിച്ച് കളിക്കുന്ന മൂർഖനെ പിടിക്കാൻ ഇന്നലെ ഇറങ്ങിയ വിദഗ്ദ്ധ സംഘത്തിന് കഴിഞ്ഞില്ലെന്ന് പൊലീസ്. ന്യൂറൻബർഗ് നഗരത്തിൽ നിന്നാണ് പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധ പാമ്പ് പിടുത്ത സംഘം ഹേർണെ നഗരത്തിൽ എത്തിയത്.
ഒരു ദിവസം മുഴുവനും സംഘം, മൂർഖനെ കാണാതായ വീടിന്റെ നിലവറകളിൽ തപ്പിയെങ്കിലും കണ്ടെത്താനായില്ല. മൂർഖൻ പൊഴിച്ച പാമ്പിൻ പടം (തൊലി) ഇവർ നിലവറയിൽ കണ്ടെത്തി. പാമ്പ് സ്ഥലം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നുകൂടി തിരച്ചിൽ നടത്തുമെന്നും ഫലം കണ്ടില്ലെങ്കിൽ അറ്റകൈ പ്രയോഗം നടത്തുമെന്നും പൊലീസ് അറിയിച്ചു.

വീടിന്റെ നിലവറയിൽ വിഷവായു പ്രയോഗം നടത്തുമെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇരുപത്തിനാല് മണിക്കൂർ വീട് അടച്ച് പൂട്ടി സൂക്ഷിക്കും. ഇതോടെ മൂർഖൻ എവിടെ ഒളിച്ചാലും കഥ കഴിയുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ജനം പ്രതിഷേധത്തിലാണ്. വീട് വിട്ടു പോയവർ ഉടനടി വീടുകളിൽ തിരിച്ചെത്തണമെന്നും അതിന് നഗരസഭ മുൻകൈ എടുക്കണമെന്നും മേയർക്ക് ജനം പരാതി നൽകി.
പാമ്പിന്റെ ഉടമയെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്നുള്ള ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.