ഗോവയിൽ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

Mail This Article
ഡബ്ലിൻ/പനാജി∙ ഗോവയിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വികട് ഭഗത് (31) ആണ് കേസിൽ പ്രതി. 2017 മാർച്ചിലാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 23 വയസ്സായിരുന്നു പ്രായം. 17 ന് ശിക്ഷ പ്രഖ്യാപിക്കും.
2017 മാർച്ച് 14 ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ ഒരു വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയർലൻഡിലെ ഡോണഗലിൽ നിന്നുള്ള യുവതി വിനോദ സഞ്ചാരത്തിനാണ് ഇന്ത്യയിലെത്തിയത്. യുവതിയുമായി വികട് ഭഗത് സൗഹൃദം സ്ഥാപിച്ചു. യുകെയിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥിനിയായിരുന്നു.
യുവതിയുടെ മൃതദേഹം അയർലൻഡിലെത്തിച്ചാണ് സംസ്കരിച്ചത്. കോടതി വിധിക്ക് ശേഷം യുവതിക്ക് നീതി ഉറപ്പാക്കുന്നതിനായി ശ്രമിച്ച എല്ലാവരോടും കുടുംബം നന്ദി പറഞ്ഞു. യുവതിയുടെ അമ്മയും സഹോദരിയും നീതി ലഭിക്കുന്നതിനായി കഴിഞ്ഞ എട്ടു വർഷമായി പോരാടുകയായിരുന്നു. ഇത്രയും നാളത്തെ കോടതി വിചാരണ ഏറെ കഠിനമായിരുന്നുവെന്നും ഒടുവിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്നും ഇരുവരും അറിയിച്ചു.