ഒടുവിൽ കോടതി ഇടപെട്ട് നാട്ടിൽ സ്വപ്നസംരംഭം തുടങ്ങി; പ്രവാസിക്ക് മിച്ചം രോഗവും കടങ്ങളും

Mail This Article
ദുബായ്∙ നാട്ടിൽ സംരംഭം തുടങ്ങിയവരെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ സമീപനത്തിനെതിരെ കൂടുതൽ പ്രവാസികൾ രംഗത്ത്. സർക്കാരും ഉദ്യോഗസ്ഥരും ഉണർന്നുപ്രവർത്തിച്ചെന്ന് അവകാശപ്പെടുമ്പോഴും ഇന്നലെയും തന്റെ ഫാമിലെ ആളുകളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി കോഴിക്കോട് ചെമ്പനോട മലബാർ ഹിൽസ് ഫാം ഉടമ ബിനു ജോസഫ് കുരുവിള പറയുന്നു. ഇന്റഗ്രേറ്റഡ് ഫാമിങ് തുടങ്ങാൻ പദ്ധതിയിട്ട് ഒടുവിൽ കോടികൾ വെള്ളത്തിലായ കഥയാണു ബിനുവിന് പറയാനുള്ളത്. 2012ൽ ഫാമിന് ലൈസൻസ് ലഭിച്ചു.
രണ്ടുവർഷത്തിനു ശേഷം കെട്ടിടം നിർമിച്ച് ഫാം തുടങ്ങി. കെട്ടിടം പണി തുടങ്ങിയപ്പോൾതന്നെ തടസ്സങ്ങളുമായി ഉദ്യോഗസ്ഥരെത്തി. പന്നി ഫാമിന്റെ ഷെഡ് നിർമിക്കുമ്പോൾ വികലാംഗർക്കുള്ള പാർക്കിങ് ഇല്ല എന്ന കാരണം വരെ പറഞ്ഞതായി ബിനു പറയുന്നു. ആറു മാസം കൊണ്ടു പൂർത്തിയാകണ്ട നിർമാണം 2 വർഷത്തോളം നീണ്ടു. ഒടുവിൽ കോടതി ഇടപെട്ട് ഫാം തുടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നു വിധിച്ചു. അപ്പോഴേക്കും കേസും വഴക്കുമായി കടക്കെണിയിലുമായി. ഇതിനിടെ സിക വൈറസും വന്നതോടെ ദുരിതം ഇരട്ടിച്ചു. ഫാമിനോട് ചേർന്നുള്ള സ്ഥലം വിലയ്ക്ക് എടുക്കണം എന്നാവശ്യപ്പെട്ട് ഒരാൾ വന്നതോടെയാണ് ഫാമിനെതിരേ പ്രശ്നം തുടങ്ങിയതെന്ന് ബിനു അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
പ്രകൃതിവിരുദ്ധ പീഡനക്കേസിൽ പ്രതിയായ വ്യക്തിയും പിന്നാലെ രംഗത്തുവന്നു. പാർട്ടിക്ക് എന്ന പേരിൽ ഇയാളുടെ സഹോദരൻ പിരിവിനു വന്നു. എന്നാൽ ഇയാൾക്കു പിരിവ് നൽകുന്നത് അടുത്തുള്ള പാർട്ടിക്കാർ തന്നെ എതിർത്തു. ഇതിനു പുറമെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള വ്യക്തികളും സമരവുമായി രംഗത്തെത്തി. ഫാമിന് അരക്കിലോമീറ്റർ പരിധിയിൽ താമസക്കാർ ആരുമില്ലെന്നും ഒന്നരക്കിലോമീറ്റർ ദുരത്തുള്ള വ്യക്തികളാണ് സമരത്തിനെത്തിയതെന്നും ബിനു ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ബിനുവിന്റെ സഹോദരനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു. കേസുകൾ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അനുഭവിച്ച മനോവേദനയ്ക്കും സാമ്പത്തിക നഷ്ടത്തിനും പരിധികളില്ലെന്ന് ബിനു പറഞ്ഞു.
കോഴിക്കോട് ദേവഗിരി കോളജിൽ പഠിക്കുമ്പോൾ അപകടത്തിൽ പിതാവ് ബോധരഹിതനാകുകയും മാതാവിന് നട്ടെല്ലിന് ഗുരുതര പരുക്ക് സംഭവിക്കുകയും ചെയ്തതോടെയാണ് മൂത്ത മകനായ ബിനു കൃഷിയിലേക്ക് തിരിഞ്ഞത്. അന്നുണ്ടായിരുന്ന ആറ് ഏക്കർ പുരയിടത്തിൽ കൃഷി ചെയ്തു. പിന്നീട് ഗൾഫിൽ വന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് നാട്ടിൽ കൃഷി ഫാം തുടങ്ങാൻ തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചു.
ഏതാനും സാമൂഹിക വിരുദ്ധരും അവർക്ക് പിന്തുണയേകിയ രാഷ്ട്രീയക്കാരും ചേർന്നപ്പോൾ ജീവിതം തകർന്നു. മാനസിക സമ്മർദ്ദമേറി രോഗങ്ങളും പിടിമുറുക്കി. പാർട്ടിക്കാർ പലരും പിന്നീട് പിന്മാറിയെങ്കിലും നഷ്ടങ്ങൾക്ക് ആര് മറുപടി പറയുമെന്നു ചോദിക്കുന്നു ബിനു. ഗൾഫിലെ ജോലിയിൽ നിന്നു ലഭിക്കുന്ന പണം കൊണ്ട് കടം തീർത്ത് ഫാം വീണ്ടും നടത്താൻ തന്നെയാണ് ബിനുവിന്റെ ഇപ്പോഴത്തെ തീരുമാനം; നാട്ടിലെ സാഹചര്യം അനുകൂലമാകുകയാണെങ്കിൽ മാത്രം.