വിമാനത്തിൽ പുകവലിച്ചു, ഫയർ അലാം മുഴങ്ങി; മലയാളി അറസ്റ്റിൽ

Mail This Article
ദോഹ∙ ദോഹയിൽ നിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ പുകവലിച്ച മലയാളിയെ അറസ്റ്റ് ചെയ്തു. ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സി (23)യെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരത്തേക്കു പോകാൻ ഇയാൾ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. ദോഹയിൽ നിന്നു മുംബൈയിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറിയ ജെറോം രാത്രി 2.30നും മൂന്നിനും ഇടയ്ക്ക് ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ചതോടെ, കോക്പിറ്റിൽ ഫയർ അലാം മുഴങ്ങി.
പുകവലിച്ചെന്ന വാദം ജെറോം നിഷേധിച്ചെങ്കിലും ശുചിമുറിയിൽ പുക നിറഞ്ഞിരുന്നതായി വിമാന കമ്പനി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 15,000 രൂപ ഉറപ്പിലാണ് ജാമ്യം നൽകിയത്. 3 മാസം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ജെറോം ദോഹ വിമാനത്താവളത്തിൽ നിന്നാണ് ലൈറ്റർ വാങ്ങിയതെന്നും ബാഗിൽ സിഗരറ്റ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.