ചോദ്യം ചോദിച്ചും വെള്ളം കുടിപ്പിച്ചും കോവിഡ് കാലം

Mail This Article
ദുബായ് ∙ "ക്വിസ് മൽസരവും പാചകവുമൊക്കെയായി ഇപ്പോൾ സമയം കിട്ടുന്നില്ലെന്നതാണ് സത്യം. കോവിഡ് അവധിക്കാലം കഴിഞ്ഞ് ഓഫിസിൽ പോകാൻ പ്രയാസമാണെന്നാ തോന്നുന്നത്"-സമ്പർക്കവിലക്കിന്റെ ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ പേ ലോഡ് കാർഗോ കമ്പനി ഉടമ തിരുവനന്തപുരം മംഗലം സ്വദേശി ഷിജു റഹ്മാൻ പറഞ്ഞു. ഷിജുവിന്റെ ഖിസൈസിലെ വീട്ടിൽ ആകെ ജഗപൊഗയാണ്. "ക്വിസ് മൽസര സമയത്ത് അദ്ദേഹം ശത്രുവാണ്.
അതു കഴിയുമ്പോൾ പാചകപരീക്ഷണമൊക്കെയായി രസകരമാകും. ഇന്നലെയും അദ്ദേഹം പുതിയ ജ്യൂസ് പരീക്ഷിച്ചു. ഓറഞ്ചും പപ്പായയും പെപ്പറും ഒക്കെയായി. ആകെ കുളമാകുമെന്നാ വിചാരിച്ചത്. പക്ഷേ സൂപ്പറായിരുന്നു"-ഭാര്യ ഷൈനിയുടെ കമന്റ്. അച്ഛനെ ഇത്രയും കാലം ഒരുമിച്ച് കിട്ടിയതിന്റെ ആശ്ചര്യത്തിലാണ് മക്കളായ മൂഹമ്മദ് ഇഷാമും മകൾ ഇഷികയും. കോവിഡ് വിലക്കിന്റെ കാലത്ത് യുഎഇയിലെ പല കുടുംബങ്ങൾക്കും ഇതുപോലെ നൂറ് അനുഭവങ്ങൾ. "ജോലിയിലെ ടെൻഷനും മറ്റുമായി വീട്ടിലെത്തുമ്പോൾ കുടുംബത്തോടായിരുന്നു ദേഷ്യപ്പെടുന്നതും ഒച്ചവയ്ക്കുന്നതും. എന്നാലിപ്പോൾ എല്ലാ ടെൻഷനും മാറ്റിവച്ച് അവരോടൊപ്പം കൂടി.
വാട്സാപ് കുടുംബ കൂട്ടായ്മയിൽ പാട്ടും മിമിക്രിയും ഒക്കെ പങ്കുവച്ച് മുന്നേറിയപ്പോഴാണ് ക്വിസ് പരിപാടി നടത്താൻ തീരുമാനിച്ചത്"”- ഷിജു പറഞ്ഞു. മറ്റൊരു വാട്സാപ്പ് കൂട്ടായ്മയിലെ ആശയം കുടുംബത്തിലേക്ക് കടംകൊണ്ടതാണെന്നും പറഞ്ഞു. ഏതായാലും ക്വിസ് പരിപാടി ഗംഭീരമായി. ചോദ്യങ്ങൾ അടിച്ചുമാറ്റാതെ സൂക്ഷിക്കാൻ തികഞ്ഞ ജാഗ്രതയും വേണം.
പൊതുവിജ്ഞാനത്തിൽ നിന്ന് 20 ചോദ്യങ്ങൾ. ആ ദിവസത്തെ ജേതാവാണ് അടുത്തദിവസത്തെ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ബാക്കി സമയം കൂട്ട പാചകപരീക്ഷണങ്ങളാണ്. മകൾ വിവിധ തരം കപ്പ് കേക്കുകൾ ഉണ്ടാക്കാൻ പഠിച്ചു. മകന്റെ പരീക്ഷണം വിവിധതരം കാപ്പികളിലായിരുന്നു. ഷൈനിയാകട്ടെ കാബിരിയാണ് കഴിഞ്ഞദിവസം പരീക്ഷിച്ചത്. മൂസംബി ജ്യൂസും മറ്റും ചേർത്തുള്ള കാബിരി നന്നായിരുന്നെന്ന് കുടുംബസാക്ഷ്യം.
തന്റെ എട്ടു സഹോദരങ്ങളും അവരുടെ കുടുംബങ്ങളുമൊക്കെയായി 35 അംഗങ്ങളാണ് വാട്സാപ് കൂട്ടായ്മയിലുള്ളതെന്ന് ഷിജു പറഞ്ഞു. ഗതാഗത വകുപ്പിൽ ചെക്കിങ് ഇൻസ്പെക്റായി റിട്ടയർ ചെയ്ത അബ്ദുൾ റഹ്മാൻ(93), ഭാര്യയും മുൻ മംഗലപുരം വാർഡ് മെംബർ സൌദാ ബീവി ദമ്പതികളുടെ മകനാണ്. നാട്ടിലുള്ള അവരും ഇവിടെയുള്ള മൂന്നു സഹോദരങ്ങളുമായി കോവിഡ് കാലം ബന്ധങ്ങളുടെ വിളക്കിച്ചേർക്കലിനായി ഉപയോഗിക്കുകയാണ് ഷിജു.
പാചകവും ശുചീകരണവും
പാചകത്തിൽ കൈവച്ചാണ് പിടിഎൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജരായ പോൾ പൂവത്തേരിൽ സമയം ചെലവഴിക്കുന്നത്. രുചി പോരെന്നു തോന്നുമ്പോൾ ചേരുവകൾ മാറ്റിപ്പരീക്ഷിക്കും. വച്ചു തുടങ്ങുമ്പോൾ പുതിയ വിഭവങ്ങളായി മാറുന്ന പാചകവൈദഗ്ധ്യം കണ്ട് അന്തംവിടുകയാണ് വീട്ടുകാരിയായ മിനിയും മക്കളായ ഏബലും എലെയ്നും. പാചകം കഴിഞ്ഞാൽ പിന്നെ വീട് വൃത്തിയാക്കുന്ന ജോലിക്കാണ് മുൻതൂക്കം. ജീവിതത്തിനിടെ ഇത്രയും കാലം ഇതുപോലെ വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടിലെന്ന് പോൾ പറയുമ്പോൾ കോവിഡിന്റെ പണി ഏതായാലും ഒന്നര പണിയായി പോയെന്നാണ് മക്കളുടെ സാക്ഷ്യം.