ഹറം പള്ളിയിൽ സ്ഥാപിക്കുന്ന മിനാരങ്ങളുടെ നിർമാണം അവസാന ഘട്ടത്തിൽ

Mail This Article
മക്ക ∙ മക്ക ഹറം പള്ളിയിൽ സ്ഥാപിക്കുന്ന പുതിയ ആറ് മിനാരങ്ങളുടെ നിർമാണം അവസാന ഘട്ടത്തിൽ. ബാബുൽ ഫത് ഹിലെ രണ്ട് മിനാരങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ 87.3 ശതമാനവും ബാബുൽ ഉംറയിൽ സ്ഥാപിക്കുന്ന രണ്ട് മിനാരങ്ങളുടെ നിർമാണം 92.1 ശതമാനവും പൂർത്തീകരിച്ചു. കിങ് അബ്ദുൽ അസീസ് ഗേറ്റിലെ രണ്ട് മിനാരങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം 88.5 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.
മത്വാഫ് കെട്ടിടത്തിന്റെ സീലിങ് വർക്കുകൾ 50 ശതമാനവും, ഗ്രൗണ്ട് വർക്കുകൾ 30 ശതമാനവും ബാബ് ഇസ്മയിലിന്റെ പുറം ഭാഗത്തുള്ള മാർബിൾ വർക്കുകൾ 85 ശതമാനവും, കോൺക്രീറ്റ് വർക്കുകൾ 100 ശതമാനവും, നോർത്തേൺ ഭാഗത്തെ വർക്കുകൾ 70 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്.
മിനാര നിർമാണം പൂർത്തിയാകുന്നതോടെ ഹറമിലെ ആകെ മിനാരങ്ങൾ 19 എണ്ണമായി വർധിക്കും. മൂന്നാം സൗദി വിപൂലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മത്വാഫ് വികസനത്തിന്റെ ഭാഗമായാണ് ഹറം അങ്കണങ്ങളിൽ ആറു പുതിയ മിനാരങ്ങൾ നിർമിക്കുന്നത്.