'വാഹനത്തിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി, ശ്വാസം മുട്ടിച്ച് ഹൈഡ്രോഫോബിയ, അതിജീവനത്തിന്റെ 30 മണിക്കൂർ’; നടുക്കം മാറാതെ മലയാളികൾ
Mail This Article
ഷാർജ/ദുബായ്/അജ്മാൻ ∙ മരണക്കയത്തിൽ നിന്ന് മലയാളി യുവാക്കൾ ജീവിതത്തിന്റെ കരപിടിച്ചത് 30 മണിക്കൂറെടുത്ത്. ദൈവം തന്ന രണ്ടാം ജന്മത്തെക്കുറിച്ച് ഒരാഴ്ചക്കിപ്പുറം ഓർത്തെടുക്കുമ്പോഴും നടുക്കം മാറിയിട്ടില്ല തൃശൂർ ചേലക്കര പുലക്കോട് സ്വദേശി സായ്നാഥ് ചന്ദ്രനും ബന്ധു രാജ്കുമാറിനും. രക്ഷപ്പെടുമെന്ന് കരുതാത്തതിനാൽ വീട്ടുകാരോട് പ്രാർഥിക്കാൻ വിളിച്ചുപറഞ്ഞു. ജീവിതത്തിന്റെ അവസാന നിമിഷത്തെ മുഖാമുഖം കണ്ട അനുഭവം മറ്റൊരു മഴയുടെ പശ്ചാത്തലത്തിൽ മനോരമയോടു പങ്കുവയ്ക്കുകയായിരുന്നു സായ്നാഥ്.
യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ മഴ തൊട്ടും തലോടിയും കലഹിച്ചും ആക്രമിച്ചും കടന്നുപോയപ്പോൾ രാജ്യത്തെ വെള്ളക്കെട്ടിൽ മുക്കിയതോടൊപ്പം 5 ജീവനും എടുത്തു. ഒന്നര വർഷത്തെ മഴ 24 മണിക്കൂറിനകം പെയ്തപ്പോൾ കോടികളുടെ നഷ്ടമുണ്ടാക്കി.
ദുബായിലെ ജാസ് എൽഎൽസി ടാൽ ട്രക്ക്സ് ഡിപ്പാർട്മെന്റ് ഡയറക്ടറായ സായ്നാഥ് 16ന് ഉച്ചയ്ക്ക് രണ്ടരയോടെ ദെയ്റയിലെ ഹോട്ടലിൽ കസ്റ്റമറുമായുള്ള മീറ്റിങിന് എത്തിയതായിരുന്നു. നാലര മണിയോടെ തിരിച്ചിറങ്ങിയപ്പോൾ തന്നെ മഴ കനത്തു. അപ്പോഴേക്കും ഭൂരിഭാഗം റോഡുകളിലും ഗതാഗതക്കുരുക്ക്.
അജ്മാനിൽ താമസിക്കുന്ന സായ്നാഥ് ദുബായ്–ഷാർജ അൽഇത്തിഹാദ് റോഡ് വഴി തന്നെ ഡ്രൈവ് ചെയ്തു. ഒരടി മുന്നോട്ടു നീങ്ങാത്തവിധം വാഹനങ്ങളും കുത്തിയൊലിച്ചെത്തുന്ന വെള്ളവും. മഴ ശക്തമായി. വെള്ളം വാഹനത്തിന്റെ ബോണറ്റുവരെ ഉയർന്നു. ഗ്ലാസ് തുറക്കാൻ പോലും പറ്റാത്ത വിധം വെള്ളം ഉയർന്നു. വണ്ടിയിൽ കയറിയ വെള്ളം കുപ്പിയിൽ കോരിയെടുത്ത് കളയുമ്പോഴും അതിലേറെ അകത്തേക്ക്. ചെറിയ കാർ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥ. ഹൈഡ്രോഫോബിയ പ്രശ്നം ശ്വാസംമുട്ടിക്കുന്ന അവസ്ഥ രൂക്ഷമായതായി സായ് പറഞ്ഞു.
തിരമാല കണക്കെ അടിച്ചുകയറിയ വെള്ളം. എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ. സർവ ദൈവങ്ങളെയും വിളിച്ച് വാഹനം നടപ്പാതയിലേക്കു കയറ്റി. ഷാർജ സിറ്റി സെന്ററിനു സമീപത്തായിരുന്നു. അപ്പോഴേക്കും രാത്രി 7 ആയി. കോരിച്ചൊരിയുന്ന മഴയിൽ മണിക്കൂറുകളോളം വാഹനത്തിൽ ഒരേയിരുപ്പ്.
അന്നു രാവിലത്തെ പ്രാതലിനുശേഷം ഭക്ഷണം കഴിച്ചിരുന്നില്ല. ക്ഷീണത്തോടെ അൽപസമയം അറിയാതെ മയങ്ങി. 17ന് പുലർച്ചെ 4ന് ഉണർന്നപ്പോഴാണ് തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ള വനിതകളെ അബോധാവസ്ഥയിൽ ആശുപത്രിയിലേക്കു മാറ്റിയത് അറിയുന്നത്.
അനുനിമിഷം വെള്ളം കൂടുന്നതു കണ്ട് ഭയന്നാണ് വീട്ടിൽ വിളിച്ച് പ്രാർഥിക്കാൻ ആവശ്യപ്പെട്ടത്. വെളിച്ചം വീണതോടെ സമീപത്തു കണ്ട ബംഗ്ലദേശിയോട് അൽപം വെള്ളം ചോദിച്ചു. പ്രയാസം മനസ്സിലാക്കിയ അവർ ബിസ്കറ്റും മിക്സ്ചറും ചായയും നൽകി. ഉച്ചയോടെ വിശപ്പ് കലശലായി. ദൈവദൂതനെ പോലെ എത്തിയ മറ്റൊരു ബംഗ്ലദേശി നൽകിയ പൊറോട്ടയായിരുന്നു അന്നത്തെ ആഹാരം.
ആരെങ്കിലും സഹായത്തിന് എത്തുമെന്ന് കരുതി അടുത്ത പകലും കാത്തിരുന്നുവെങ്കിലും രക്ഷയുണ്ടായില്ല. മഴ അതിന്റെ രൗദ്രഭാവത്തോടെ പെയ്ത്ത് തുടരുകയായിരുന്നു. ഇനിയും വാഹനത്തിൽ തങ്ങുന്നത് രക്ഷയില്ലെന്നു കണ്ട് സായ്നാഥും രാജ്കുമാറും ഇറങ്ങി നടക്കാൻ തീരുമാനിച്ചു. റോഡും നടപ്പാതയും ഏതെന്നറിയാത്തവിധം നിറഞ്ഞ വെള്ളത്തിലൂടെ നടന്നും നീന്തിയും ആറു മണിക്കൂറെടുത്ത് അജ്മാനിലെത്തി. ഒയാസിസ് മാൾ വരെ അരയ്ക്കു മുകളിൽ വെള്ളമായിരുന്നു.
നടത്തത്തിനിടെ ആർടിഎ ബസ് ഡ്രൈവറും മറ്റും ബിസ്കറ്റും വെള്ളവും നൽകിയതിന്റെ ബലത്തിൽ പുലർച്ചെയോടെ വീട്ടിലെത്തി ഭാര്യ വാണിയെയും മക്കൾ ഇരട്ടകളായ വേദികയെയും സാത്വികയെയും കണ്ടപ്പോഴാണ് ആശ്വാസമായത്.
നഷ്ടപ്പെടുമെന്ന ജീവിതം കരയ്ക്കടുപ്പിച്ച ദൈവത്തിനു നന്ദി പറഞ്ഞ് കിടന്നപ്പോഴും പേടിപ്പെടുത്തുന്ന ഇടിയും മിന്നലും മഴയും നിറഞ്ഞ ഓർമകൾ അന്നത്തെ ഉറക്കവും കെടുത്തിയിരുന്നു. മഴയെ ഇഷ്ടപ്പെടുന്നുവെങ്കിലും ഇത്തരമൊരു മഴ ഇനി പെയ്യരുതേ എന്നാണ് സായ്നാഥിന്റെ പ്രാർഥന.