യുഎഇയിൽ ഫ്രീലാൻസറാകാം; അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ് സെന്‍റർ
Mail This Article
അബുദാബി∙ അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെന്‍റർ (എഡിബിസി) ഫ്രീലാൻസിങ് ലൈസൻസിൽ 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അറിയിച്ചു. ഈ നീക്കം അബുദാബിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ബിസിനസ് ആരംഭിക്കാൻ സഹായിക്കുകയും ചെയ്യും.
ഈ പുതിയ ലൈസൻസ് പ്രഫഷനലുകൾക്ക് തങ്ങളുടെ വിശാലമായ അറിവും പരിചയവും ഉപയോഗിച്ച് വ്യത്യസ്ത സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ സഹായിക്കും. സംഘടനകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവർക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ ഇത് അവരെ പ്രാപ്തരാക്കും.
അബുദാബി സാമ്പത്തിക വികസന വിഭാഗം പ്രഖ്യാപിച്ച പുതിയ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും, സോഫ്റ്റ്‌വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ, ഡിസൈൻ, ഡാറ്റ വിശകലനം, കംപ്യൂട്ടർ സിസ്റ്റം വികസനം, 3ഡി ഇമേജിങ് എന്നിവ ഉൾപ്പെടുന്നു.
ഈ കൂട്ടിച്ചേർക്കലോടെ ഫ്രീലാൻസിങ് ലൈസൻസിൽ ഇപ്പോൾ 100 വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഫ്രീലാൻസർമാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അബുദാബിയിലെ സംരംഭകർക്ക് ലഭ്യമായ ബിസിനസ് പ്രവർത്തനങ്ങളുടെ പരിധി വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു എന്നാണ് അബുദാബി ബിസിനസ് സെന്‍റർ (എഡിബിസി) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനിഫ് അൽ മൻസൂരി പറയുന്നത്. കഴിഞ്ഞ വർഷം 1,013 ഫ്രീലാൻസിങ് ലൈസൻസുകൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.