ഗതാഗത നിയമ ലംഘനം: ദുബായ് പൊലീസ് 11 വാഹനങ്ങൾ പിടിച്ചെടുത്തു
Mail This Article
ദുബായ്∙ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിന്‍റെ എന്‍ജിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളൽ എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് നടത്തിയത്.
സ്വന്തം ജീവനോ മറ്റുള്ളവരുടെയോ ജീവന്‍ അപായപ്പെടുത്തൽ, റോഡ് തടസ്സങ്ങളും ക്രമക്കേടുകളും ഉണ്ടാക്കുക ഉൾപ്പെടെയുള്ള മറ്റ് ലംഘനങ്ങളും ഉൾപ്പെടുന്നു. പിടച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ 50,000 ദിർഹം പിഴയൊടുക്കണം. നിയമം ലംഘിക്കുന്നവരെ അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. അത്തരം പ്രവൃത്തികളോട് യാതൊരു സഹിഷ്ണുതയും കാണിക്കുന്നില്ലെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ മൃദുല സ്വഭാവം കാണിക്കില്ലെന്ന് അൽ മസ്‌റൂയി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ദുബായ് പൊലീസ് ആപ്പിലെ "പൊലീസ് ഐ" എന്ന ഫീച്ചർ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ "വി ആർ ഓൾ പൊലീസ്" എന്ന നമ്പറിൽ വിളിച്ചോ എന്തെങ്കിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.