പരസ്യത്തിൽ 'വീണു'; നിക്ഷേപ പദ്ധതിയിൽ ചേർന്ന് യുഎഇയിൽ യുവതിക്ക് നഷ്ടപ്പെട്ടത് 71,000 ദിർഹം, ട്വിസ്റ്റ്

Mail This Article
ദുബായ് ∙ നിക്ഷേപ പദ്ധതിയിൽ അവസരം വാഗ്ദാനം ചെയ്തെത്തിയ ഫോൺ വിളിയിൽ യുവതിക്ക് നഷ്ടമായത് 71,000 യുഎഇ ദിർഹം. നഷ്ടപരിഹാരമുൾപ്പെടെ 80,000 യുഎഇ ദിർഹം യുവതിയ്ക്ക് തിരികെ നൽകണമെന്ന് ഉത്തരവിട്ട് ഏൽ എയ്ൻ കോടതി.
സമൂഹമാധ്യമത്തിലെ പരസ്യങ്ങളിലൂടെ നിക്ഷേപ പദ്ധതിയിൽ അവസരം വാഗ്ദാനം ചെയ്ത് ഇന്റർനാഷനൽ നമ്പറിൽ നിന്നാണ് യുവതിയ്ക്ക് ഫോൺ വിളിയെത്തിയത്. തുടർന്ന് പദ്ധതിയിൽ നിക്ഷേപിക്കാനായി 71,000 ദിർഹം ബാങ്ക് ട്രാൻസ്ഫറായി നൽകുകയും ചെയ്തു. ഫോണിലൂടെ നിക്ഷേപ തട്ടിപ്പ് നടത്തിയത് രാജ്യത്തിന് പുറത്തുള്ള വ്യക്തിയാണെന്നും മറ്റ് 2 പേർ ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി.
നിക്ഷേപ പദ്ധതിയിലേക്ക് നൽകിയ 71,000 ദിർഹവും നഷ്ടപരിഹാര തുകയായി 15,000 ദിർഹവും കേസ് ഫയൽ ചെയ്യുന്ന ദിവസം മുതലുള്ള പലിശയും കേസിന്റെ ചെലവും ഉൾപ്പെടെ ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിയുകയും തട്ടിപ്പുമായി ബന്ധപ്പെട്ട 2 യുവാക്കളും ചേർന്ന് യുവതിക്ക് നഷ്ടപരിഹാരമായ 9,000 ദിർഹം ഉൾപ്പെടെ 80,000 ദിർഹം നൽകാനാണ് കോടതി വിധിച്ചത്. കേസ് നടത്താൻ കോടതി ഫീസും ചെലവായ തുകയും പ്രതികൾ നൽകണമെന്നും കോടതി ഉത്തരവിട്ടു.