പൊതുപാർക്കിങ്; എമിറേറ്റുകളിൽ ഇനി ഏകീകൃത എസ്എംഎസ് പെയ്മെന്റ് ഫോർമാറ്റ്

Mail This Article
ഷാർജ ∙ എമിറേറ്റിലെ എല്ലാ നഗരങ്ങളിലും പൊതു പാർക്കിങ് എസ്എംഎസ് പെയ്മെന്റ് ഫോർമാറ്റ് ഏകീകരിച്ചു. ഖോർ ഫക്കാനിൽ മുൻപ് ഉപയോഗിച്ചിരുന്ന 'കെഎച്ച്' എന്ന സിറ്റി കോഡ് നിർത്തലാക്കിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
ഷാർജയിലെ പൊതു പാർക്കിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുഗമവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വ്യക്തമാക്കി. വാഹനമോടിക്കുന്നവർക്ക് പ്ലേറ്റിന്റെ ഉറവിടം, നമ്പർ, മണിക്കൂറുകളിലെ പാർക്കിങ് ദൈർഘ്യം എന്നിവ രേഖപ്പെടുത്തി 5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കാം.
2024 അവസാനപാദം മുതൽ ഷാർജ അതിന്റെ പാർക്കിങ് സംവിധാനത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ പാർക്കിങ് സോണുകൾ, സ്മാർട് പാർക്കിങ് സംവിധാനം, ദൈദിലെയും കൽബ നഗരത്തിലെയും പാർക്കിങ് ഫീസ് എന്നിവ ഇതിൽപ്പെടും.

അൽ ഖാനിലും അൽ നഹ്ദയിലും തുറന്ന 2 സ്മാർട്ട് പാർക്കിങ് ഏരിയകളിലായി ആകെ 392 പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാണ്. കഴിഞ്ഞയാഴ്ച ഷാർജ പൊതു പാർക്കിങ് ഫീസ് അടയ്ക്കുന്നതിനും പിഴകൾ പരിശോധിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു.
മൗക്വെഫ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ, എമിറേറ്റിന് ചുറ്റുമുള്ള സബ്‌സ്‌ക്രിപ്‌ഷൻ സോണുകളും സ്മാർട്ട് പാർക്കിങ് യാർഡുകളും എളുപ്പത്തിൽ കണ്ടെത്തുന്നതിന് ഇന്ററാക്ടീവ് മാപ്പുകൾ ഉൾപ്പെടുന്നു. പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വരിസംഖ്യ പുതുക്കുന്നതിനെക്കുറിച്ചും ഉപയോക്താക്കൾക്ക് ആപ്പ് അറിയിപ്പുകൾ നൽകും.